ശ്രീലങ്ക: ഭരണഘടന ഭേദഗതി തിങ്കളാഴ്ച മന്ത്രിസഭയിൽ
text_fieldsകൊളംബോ: ശ്രീലങ്കയിൽ പ്രസിഡൻറിന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്ന 21ാം ഭരണഘടന ഭേദഗതി തിങ്കളാഴ്ച മന്ത്രിസഭയിൽ അവതരിപ്പിക്കും. 20എ അനുച്ഛേദത്തിലാണ് മാറ്റംവരുത്താൻ ഒരുങ്ങുന്നത്. ഇതോടെ ഭരണഘടനയുടെ 21ാം ഭേദഗതിയാകും ഇത്. ഇരട്ട പൗരത്വമുള്ളവർ പാർലമെന്റ് അംഗങ്ങളാകുന്നത് തടയുന്നതുംകൂടിയാണ് ഭേദഗതി. 2019ൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ഗോടബയ രാജപക്സ യു.എസ് പൗരത്വം ഉപേക്ഷിച്ചിരുന്നു.
2015ൽ മൈത്രിപാല സിരിസേന പ്രസിഡന്റായപ്പോൾ കൊണ്ടുവന്ന 19ാം ഭേദഗതിയിലൂടെ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറക്കുകയും പാർലമെന്റിനെ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഗോടബയ രാജപക്സ പ്രസിഡന്റായപ്പോൾ വീണ്ടുമൊരു ഭേദഗതിയിലൂടെ അധികാരങ്ങൾ വീണ്ടെടുത്തു. സെൻട്രൽ ബാങ്ക് ഗവർണറെ നിയമിക്കുന്നത് കോൺസ്റ്റിറ്റ്യൂഷനൽ കൗൺസിലിന്റെ കീഴിലായിരിക്കണമെന്നും ശിപാർശയുണ്ട്. 2020 ആഗസ്റ്റിൽ രാജപക്സ കുടുംബം അധികാരത്തിലെത്തിപ്പോൾ ഭരണഘടന ഭേദഗതിയിലൂടെ പ്രസിഡന്റിന്റെ അധികാരങ്ങൾ പുനഃസ്ഥാപിക്കുകയും അടുത്ത കുടുംബാംഗങ്ങളെ മന്ത്രിസഭയിൽ പ്രതിഷ്ഠിക്കുകയുമായിരുന്നു.
അതിനിടെ, വാഹനങ്ങൾ ആക്രമിക്കുന്നത് തുടരുകയാണെങ്കിൽ ഇന്ധനവിതരണം നിർത്തിവെക്കുമെന്ന് ശ്രീലങ്കൻ സർക്കാർ മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം വടക്കൻപ്രവിശ്യയിലെ പെട്രോൾ പമ്പ് ഉടമയുടെ വീട് ജനക്കൂട്ടം കൊള്ളയടിച്ചിരുന്നു. രാജ്യത്തുടനീളമുള്ള പെട്രോൾ പമ്പുകളിൽ പ്രതിഷേധം തുടരുകയാണ്. ഡീസലും പെട്രോളും ലഭിക്കാൻ ജനം മണിക്കൂറുകളോളം കാത്തിരിപ്പ് തുടരുകയാണ്.
ചിലയിടങ്ങളിൽ എണ്ണയുമായെത്തുന്ന ട്രക്കുകൾ ആളുകൾ സംഘംചേർന്ന് കൊള്ളയടിക്കുന്നുമുണ്ട്. അതിനാൽ സൈന്യത്തിന്റെ മേൽനോട്ടത്തിൽ ഇന്ധനം വിതരണം ചെയ്യാനും സർക്കാറിന് പദ്ധതിയുണ്ട്. രാജ്യത്ത് അനധികൃതമായി ഡീസലും പെട്രോളും പ്രകൃതിവാതകവും സൂക്ഷിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിയുണ്ട്. ഇന്ത്യയിൽനിന്ന് ശനിയാഴ്ച 40,000 മെട്രിക് ടൺ ഡീസൽ ശ്രീലങ്കയിലെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.