ഇസ്രായേലിന് പേടി; നെതന്യാഹുവിന്റെ ഓഫിസിലോ ഐ.ഡി.എഫ് ആസ്ഥാനത്തോ ഇനി മന്ത്രിസഭ യോഗം ചേരില്ല
text_fieldsതെൽഅവീവ്: ഹിസ്ബുല്ലയുടെയും ഇറാന്റെയും ആക്രമണം ഭയന്ന് ഇസ്രായേൽ മന്ത്രിസഭ യോഗം ഇനി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിൻ്റെ ഓഫിസിലോ ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) ആസ്ഥാനത്തോ സംഘടിപ്പിക്കില്ല. ‘സുരക്ഷാ ആശങ്കകൾ’ കാരണമാണ് പുതിയ തീരുമാനമെന്ന് ഇസ്രായേലിലെ ഹീബ്രു മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫിസിലോ ഐഡിഎഫ് ആസ്ഥാനത്തോ യോഗം ചേരേണ്ടതില്ലെന്ന പുതിയ പ്രോട്ടോക്കോൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി ഇസ്രായേലി മാധ്യമമായ ‘കാൻ’ പബ്ലിക് ബ്രോഡ്‌കാസ്റ്റ് വർത്തയിൽ വ്യക്തമാക്കി. രാഷ്ട്രീയക്കാർക്കും സർക്കാർ കാര്യാലയങ്ങൾക്കും നേരെയുള്ള ഹിസ്ബുല്ല, ഇറാൻ ആക്രമണ ശ്രമങ്ങളെ തുടർന്നാണ് യോഗസ്ഥലം മാറ്റാൻ തീരുമാനിച്ചതെന്ന് വൈനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇനിമുതൽ മന്ത്രിസഭ യോഗം സ്ഥിരമായി ഒരിടത്ത് നടക്കില്ലെന്നും നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്ക് നേരെ ഈ മാസം നടന്ന ഡ്രോൺ ആക്രമണത്തെ തുടർന്നാണ് തീരുമാനമെന്നും ‘വല്ല’ ന്യൂസ് സൈറ്റ് പറയുന്നു.
തിങ്കളാഴ്ച രാവിലെ കാബിനറ്റ് യോഗം ചേരുന്നതിന് തൊട്ടുമുമ്പാണ് യോഗസ്ഥലം മാറ്റിയ വിവരം മന്ത്രിമാരെ നാടകീയമായി അറിയിച്ചത്. നേരത്തെ പ്രധാനമന്ത്രിയുടെ ഓഫിസിൽ നടക്കുമെന്നറിയിച്ച യോഗം ഭൂഗർഭ ഹാളിലാണ് നടന്നത്. പുതിയ സ്ഥലത്തിൻ്റെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കാൻ ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു. എന്നാൽ, വിവരം പിന്നീട് ചോർന്നു. കിര്യാത്തിലെ പ്രധാനമന്ത്രിയുടെ ഓഫിസിന് പകരം ഗവൺമെൻ്റ് കാമ്പസിലെ ജനാരി ബിൽഡിങ്ങിലുള്ള സുരക്ഷിതമായ ഭൂഗർഭ ഹാളിലാണ് യോഗം നടക്കുകയെന്നാണ് മന്ത്രിമാർക്കുള്ള സന്ദേശത്തിൽ പറയുന്നത്. അവിടെ പാർക്കിങ് ഇല്ലെന്നും മന്ത്രിസഭയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചവർ മാത്രമേ കെട്ടിടത്തിലേക്ക് പ്രവേശിക്കാവൂ എന്നും സന്ദേശത്തിൽ അറിയിച്ചു.
ഇസ്രായേലിന് കയ്പ്പേറിയ, സങ്കൽപിക്കാനാവാത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി ഹുസൈൻ സലാമി ഇന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രായേൽ നടത്തിയ ആക്രമണങ്ങളോട് പ്രതികരിക്കാൻ ലഭ്യമായ എല്ലാ സംവിധാനവും തങ്ങൾ ഉപയോഗിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈൽ ബഗാഈയും പ്രഖ്യാപിച്ചിരുന്നു. ‘സയണിസ്റ്റ് ഭരണകൂടത്തിന് കൃത്യവും ഫലപ്രദവുമായ മറുപടി നൽകാൻ ലഭ്യമായ എല്ലാ സംവിധാനവും ഇറാൻ ഉപയോഗിക്കും’ -പ്രതിവാര ടെലിവിഷൻ വാർത്താ സമ്മേളനത്തിൽ ബഗാഈ വ്യക്തമാക്കി.
അതിനിടെ, ഇസ്രായേലിന്‍റെ യുദ്ധ തന്ത്രങ്ങൾക്ക് വ്യക്തമായ ദിശയില്ലെന്നും ലക്ഷ്യങ്ങൾ പുതുക്കി നിശ്ചയിക്കണമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി പ്രതിരോധ മന്ത്രി യൊആവ് ഗാലന്‍റ് എഴുതിയ രഹസ്യ കത്ത് പുറത്തായി. കത്തിലെ വിവരങ്ങൾ ‘ചാനൽ 13’ ആണ് പുറത്തുവിട്ടത്. ഇറാനിൽ വ്യോമാക്രമണം നടത്തുന്നതിനു മണിക്കൂറുകൾക്ക് മുമ്പാണ് നെതന്യാഹുവിനും സുരക്ഷ മന്ത്രിസഭക്കും ഗാലന്‍റ് രസഹ്യ കത്ത് അയച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വലിയ ആശങ്കകൾ കത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഇസ്രായേലിനുള്ള ഭീഷണികൾ വർധിക്കുകയാണ്. യുദ്ധ ലക്ഷ്യങ്ങൾക്ക് വേഗമില്ല. ഇത് മന്ത്രിസഭാ തീരുമാനങ്ങൾ പാളുന്നതിനു കാരണമാകുമെന്നും ഗാലന്റ് കത്തിൽ ചൂണ്ടിക്കാട്ടി.
യുദ്ധത്തിൽ വ്യക്തമായ തീരുമാനങ്ങളും പുതുക്കിയ ലക്ഷ്യങ്ങളും നിർണയിക്കാതെ മുന്നോട്ടുപോകുന്നത് സൈനിക നടപടിയെയും മന്ത്രിസഭാ തീരുമാനങ്ങളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഇറാനുമായി മൂർച്ഛിക്കുന്ന സംഘർഷാവസ്ഥ ബഹുതലങ്ങളിൽനിന്നുള്ള യുദ്ധലക്ഷ്യങ്ങളുടെ പുനഃപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.