ദ്വിരാഷ്ട്ര പരിഹാരം വേണമെന്ന് കൈറോ സമാധാന ഉച്ചകോടി
text_fieldsകൈറോ: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ആയിരങ്ങൾ മരിച്ചുവീഴുമ്പോൾ ഉടൻ വെടിനിർത്തൽ ആവശ്യപ്പെട്ട് കൈറോ സമാധാന ഉച്ചകോടി. ഫലസ്തീനികൾ ജന്മദേശത്ത് തുടരുമെന്ന് പ്രഖ്യാപിച്ച ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, ഗസ്സക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴികൾ തുറക്കണമെന്ന് ആവശ്യപ്പെട്ടു.
യുദ്ധക്കെടുതിയാൽ വലയുന്ന ജനങ്ങൾക്ക് അടിയന്തരമായി കൂടുതൽ സഹായമെത്തിക്കണമെന്നും ഇസ്രായേൽ- ഫലസ്തീൻ സംഘർഷം ശാശ്വതമായി അവസാനിപ്പിക്കാൻ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്നും ഏകദിന ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ച ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി പറഞ്ഞു. കൃത്യമായ പദ്ധതിയിലൂടെ പ്രശ്നപരിഹാരത്തിന് ഒന്നിക്കാൻ അദ്ദേഹം ലോകരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്തു. സഹസ്രാബ്ദങ്ങൾ കൊണ്ട് കെട്ടിപ്പടുത്ത മാനുഷിക മൂല്യങ്ങൾ ഗസ്സക്കാരുടെ കാര്യത്തിൽ എവിടെപ്പോയെന്ന് അദ്ദേഹം ചോദിച്ചു. പരമാധികാരത്തോടെയുള്ള സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കപ്പെടണം. ഗസ്സയിലേക്കുള്ള റഫ അതിർത്തി ഈജിപ്ത് ഒരിക്കലും അടച്ചിട്ടില്ലെന്നും അൽ സീസി പറഞ്ഞു.
സിവിലിയന്മാർക്കുനേരെ ഇടതടവില്ലാത്ത ഇസ്രായേൽ വ്യോമാക്രമണം ക്രൂരവും അന്യായവുമാണെന്ന് ജോർഡൻ രാജാവ് അബ്ദുല്ല പറഞ്ഞു.
ഗസ്സയിൽ മാനുഷിക ദുരന്തം ഒഴിവാക്കാൻ അന്താരാഷ്ട്ര സമൂഹം ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് അഭിപ്രായപ്പെട്ട യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ സംവാദങ്ങളിലൂടെയും സഹകരണത്തിലൂടെയും മാത്രമേ സമാധാനപാത തുറക്കാനാകൂവെന്നും പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടൽ ഇനിയും വൈകിയാൽ ഗസ്സയിൽ ആയിരങ്ങൾ മരിച്ചുവീഴുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആൽ സൗദ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അഹ്മദ് അൽ സബാഹ്, തുർക്കിയ വിദേശകാര്യ മന്ത്രി ഹകൻ ഫിദാൻ, ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ശിയ അൽ സുദാനി, ഇറ്റാലിയൻ പ്രധാനമന്ത്രി ജിയോർജിയ മെലോനി, സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാകോസ് മിറ്റ്സോടാകിസ്, സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്റ്റോഡുലിഡസ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസ, ജർമൻ വിദേശകാര്യമന്ത്രി അന്നലിന ബർബോക്, ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ, ജപ്പാൻ വിദേശകാര്യ മന്ത്രി യോക കാമികാവ, ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് െക്ലവർലി, നോർവീജിയൻ വിദേശകാര്യ മന്ത്രി എസ്പൻ ബാർത് എയ്ഡെ, റഷ്യൻ വിദേശകാര്യസഹമന്ത്രി മിഖാഈൽ ബോഗ്ദനോവ്, ചൈനയുടെ മിഡിലീസ്റ്റ് പ്രതിനിധി സായ് ജുൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസപ് ബോറൽ തുടങ്ങിയവരും ഉച്ചകോടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.