വേവിക്കാത്ത തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി
text_fieldsലോസ് അഞ്ചലസ്: ശരിയായി പാകം ചെയ്യാത്ത തിലാപ്പിയ മീൻ കഴിച്ച യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി. യു.എസിലെ കാലിഫോർണിയയിലാണ് സംഭവം. വേവിക്കാത്ത മത്സ്യം കഴിച്ചതിലൂടെയുള്ള അണുബാധയാണ് യുവതിയുടെ ഇരു കൈയും കാലുകളും നഷ്ടപ്പെടാൻ കാരണമായത്.
40 കാരിയായ ലോറ ബറാഹ വീടിനടുത്തുള്ള മാർക്കറ്റിൽ നിന്ന് തിലാപ്പിയ വാങ്ങി സ്വയം പാകം ചെയ്ത് കഴിക്കുകയായിരുന്നു. എന്നാൽ മീൻ ശരിയായി വേവിക്കാതതിനെ തുടർന്ന് മീനിലുണ്ടായിരുന്ന ബാക്ടീരിയ ശരീരത്തിലെത്തി. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ലോറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദേശം 40 ദിവസത്തോളം ലോറ ആശുപത്രിയിൽ കഴിഞ്ഞിരുന്നു.
കാൽ വിരലുകളും ചുണ്ടുകളുമെല്ലാം കറുത്ത നിറത്തിലാകുകയും വൃക്കകൾ തകരാറിലാകുകയും ചെയ്തതായി സുഹൃത്തുക്കൾ പറഞ്ഞു. നിലവിൽ ഓക്‌സിജൻ മാസ്‌കിന്റെ സഹായത്തോടെയാണ് ലോറ ജീവൻ നിലനിർത്തുന്നത്. വ്യാഴാഴ്ചയാണ് ലോറയെ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലാണ് ശസ്ത്രക്രിയയിലൂടെ ഇവരുടെ രകൈകാലുകൾ ഡോക്ടർമാർ മുറിച്ചുമാറ്റിയത്.
സമുദ്രവിഭവങ്ങളിലും കടൽജലത്തിലും കാണപ്പെടുന്ന ബാക്ടീരിയയായ വിബ്രിയോ വൾനിഫിക്കസാണ് ലോറയുടെ ശരീരത്തിലെത്തിയത്. കടൽ മത്സ്യങ്ങൾ നന്നായി പാകം ചെയ്ത് കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് യു.സി.എസ്.എഫ് പകർച്ചവ്യാധി വിദഗ്ധയായ ഡോ.നടാഷ സ്പോട്ടിസ് വുഡ് ക്രോണിനോട് പറഞ്ഞു. ഓരോവർഷവും ഇത്തരം 150 മുതൽ 200 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.