ന്യൂയോർക് സിറ്റിയിലും ഉച്ചഭാഷിണിയിൽ ബാങ്കുവിളിക്കാൻ അനുമതി
text_fieldsന്യൂയോർക്: യു.എസിലെ ന്യൂയോർക് സിറ്റിയിലും ഉച്ചഭാഷിണിയിൽ പ്രാർഥനക്ക് ബാങ്കുവിളിക്കാൻ അനുമതി. പ്രഖ്യാപിത മാർഗനിർദേശങ്ങൾ പാലിച്ച് ഇസ്ലാംമത വിശ്വാസികൾക്ക് ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കാമെന്ന് ന്യൂയോർക് മേയർ എറിക് ആഡംസ് അറിയിച്ചു. പുതിയ തീരുമാനം എല്ലാത്തിനെയും ഉൾക്കൊള്ളാനുള്ള മനോഭാവം വളർത്തിയെടുക്കാൻ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമപ്രകാരം വെള്ളിയാഴ്ചകളിലും റമദാൻ മാസത്തിലും ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കുന്നതിന് പ്രത്യേക അനുമതി തേടേണ്ട കാര്യമില്ലെന്നും മേയർ വ്യക്തമാക്കി. പൊലീസ് വകുപ്പിലെ കമ്യൂണിറ്റി അഫയേഴ്സ് ബ്യൂറോ പുതിയ മാർഗനിർദേശങ്ങൾ പള്ളികളുടെ അധികാരികളുമായി ആശയവിനിമയം നടത്തും. താൻ ന്യൂയോർക് സിറ്റി മേയറായിരിക്കുമ്പോൾ ന്യൂയോർക്കിലെ മുസ്ലിംകൾ സ്വപ്നങ്ങളുടെ നിഴലിൽ ജീവിക്കില്ല എന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമമെന്ന് മേയർ ആഡംസ് പറഞ്ഞു. ന്യൂയോർക്കിലെ വിശ്വാസിസമൂഹം തീരുമാനത്തെ സ്വാഗതം ചെയ്തു.
യു.എസ് നഗരമായ മിനിയാപൊളിസിൽ മുസ്ലിം പള്ളിയിൽനിന്നുള്ള ബാങ്കുവിളിക്ക് ഭരണകൂടം അടുത്തിടെ അനുമതി നൽകിയിരുന്നു. മിനിസോട സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലൊന്നാണ് മിനിയപൊളിസ്. ഇവിടെ ലൗഡ്സ്പീക്കർ വഴി നമസ്കാരത്തിനുള്ള ബാങ്കുവിളിക്കാണ് സിറ്റി കൗൺസിൽ അംഗീകാരം നൽകിയത്. രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയാണ് ഇവിടെ ബാങ്കുവിളിക്ക് അനുമതി നൽകിയത്. ഭരണകൂടം നിർദേശിക്കുന്ന നിശ്ചിത ശബ്ദനിയന്ത്രണം പാലിച്ചായിരിക്കണം ബാങ്കുവിളി.
മിഷിഗനിലെ ഹാംട്രാംക്ക് ആണ് ആദ്യമായി ബാങ്കുവിളിക്ക് അനുമതി നൽകിയ യു.എസ് നഗരം. 2004ലായിരുന്നു ഇത്. ഇതിനുശേഷം ഡിയർബോൺ, മിഷിഗൻ, പാറ്റേഴ്സൺ, ന്യൂജഴ്സി നഗരങ്ങളിലെല്ലാം ലൗഡ്സ്പീക്കർ വഴിയുള്ള ബാങ്കുവിളിക്ക് അനുമതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.