വിജയ സാധ്യത കുറവ്; ജോ ബൈഡൻ യു.എസ് പ്രസിഡന്റ് മത്സരത്തിൽ നിന്ന് പിൻമാറണമെന്ന് ഡെമോക്രാറ്റ് നേതാക്കൾ
text_fieldsവാഷിങ്ടൻ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയ സാധ്യത കണക്കിലെടുത്ത് ജോ ബൈഡൻ പിൻമാറണമെന്ന് ഡെമോക്രാറ്റിക് പാർട്ടിയിലെ മുൻനിര നേതാക്കൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് ഞായറാഴ്ച സംഘടിപ്പിച്ച പ്രത്യേക യോഗത്തിലാണ് ഈ ആവശ്യം ഉയർന്നുവന്നതെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഡെമോക്രാറ്റിക് ടിക്കറ്റിൽ ബൈഡൻ മത്സരിച്ചാൽ ഉണ്ടായേക്കാവുന്ന നഷ്ടങ്ങളെ കുറിച്ചും സഭയുടെ ഭൂരിപക്ഷം വീണ്ടെടുക്കാനുള്ള പാർട്ടിയുടെ സാധ്യതകളെ കുറിച്ചും ഉള്ള ആശങ്കകളാണ് ചർച്ചയിൽ ഉയർന്നത്.
അതെ സമയം ബൈഡൻ മത്സരരംഗത്ത് നിന്ന് പിൻമാറണമെന്നത് സംബന്ധിച്ച് ജെഫ്രീസ് നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തേ ബൈഡന്റെ സ്ഥാനാർഥിത്വത്തിന് വേണ്ടി വാദിച്ചവർ പോലും ഇപ്പോൾ കൈയൊഴിയുന്ന കാഴ്ചയാണ് ചർച്ചയിലുണ്ടായത്. മാർക് ടകാനോ, ആദം സ്മിത്ത്, ജിം ഹിംസ്, ജോ മോറെല്ലെ, ജെറി നാഡ്‍ലർ, സൂസൻ വൈൽഡ് എന്നിവരാണ് സ്ഥാനാർഥിത്വത്തെ എതിർത്തവരിൽ പ്രമുഖർ. അതേസമയം, മാക്സിൻ വാട്ടേഴ്സും ബോബി സ്കോട്ടും ബൈഡന് അനുകൂലമായി സംസാരിച്ചു. പാർട്ടി നേതൃത്വത്തിലെ ഭിന്നതയാണ് ഇത് തെളിയിക്കുന്നത്. ബൈഡൻ സ്ഥാനാർഥിയായി തുടർന്നാൽ പ്രസിഡന്റ് മത്സരത്തിൽ ഭൂരിപക്ഷം നേടാനുള്ള അവസരം നഷ്ടപ്പെടുമെന്നാണ് ചർച്ചയിൽ പ്രധാനമായും ഉയർന്നത്. വൈസ് പ്രസിഡന്റ് കമല ഹാരിസിനെ പ്രസിഡന്റ് സ്ഥാനാർഥിയായി രംഗത്ത് കൊണ്ടുവരണമെന്നാണ് ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടത്.
അതെസമയം, മത്സരിക്കാൻ ഏറ്റവും അനുയോജ്യനായ സ്ഥാനാർഥി താനാണെന്നും നൂറ് ശതമാനം ജയസാധ്യതയുണ്ടെന്നുമാണ് ബൈഡൻ അവകാശപ്പെടുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായി നടന്ന സംവാദത്തിലെ മോശം പ്രകടനമാണ് ബൈഡന് വിനയായത്. തുടർന്ന് അദ്ദേഹത്തിന്റെ പ്രായാധിക്യവും രോഗിയാണെന്നുള്ള പ്രചാരണങ്ങളും കൂടുതൽ ശക്തമായി. എന്നാൽ തനിക്ക് ഒരു തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളുമില്ലെന്നും ദൈവം നേരിട്ട് പറഞ്ഞാൽ മാത്രമേ തെരഞ്ഞെടുപ്പ് മത്സരത്തിൽ നിന്ന് പിൻമാറുകയുള്ളൂവെന്നും ബൈഡനും വ്യക്തമാക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.