38 വർഷത്തിനുശേഷം മകന് വഴിമാറി കംബോഡിയൻ പ്രധാനമന്ത്രി
text_fieldsഫനൊംപെൻ: ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്നവരിലൊരാളായ കംബോഡിയൻ പ്രധാനമന്ത്രി ഹുൻ സെൻ അടുത്ത മാസം അധികാരമൊഴിയുമെന്ന് പ്രഖ്യാപിച്ചു. മൂത്ത മകനും ആർമി കമാൻഡറുമായ ഹുൻ മാനെറ്റിനാണ് 70കാരൻ അധികാരം കൈമാറുന്നത്.
നാലു പതിറ്റാണ്ടിനിടെ കംബോഡിയയുടെ ആദ്യ അധികാരക്കൈമാറ്റമാണിത്. 1985ലാണ് ഹുൻ സെൻ അധികാരമേൽക്കുന്നത്. ജൂലൈ 23ന് നടന്ന പ്രഹസനമായ തെരഞ്ഞെടുപ്പിൽ ഹുൻ സെന്നിന്റെ പാർട്ടി എല്ലാ സീറ്റിലും വിജയിച്ചിരുന്നു. പ്രധാന പ്രതിപക്ഷപാർട്ടിക്ക് മത്സരിക്കാനുള്ള യോഗ്യതയില്ലെന്ന് കോടതി വിധിച്ചതോടെ 17 ചെറുപാർട്ടികളോടായിരുന്നു ഹുൻ നയിക്കുന്ന കംബോഡിയൻ പീപ്ൾസ് പാർട്ടിയുടെ മത്സരം. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് യു.എസും യൂറോപ്യൻ യൂനിയനും പ്രസ്താവിച്ചിരുന്നു.
മുഖ്യ പ്രതിപക്ഷപാർട്ടിയായ സി.എൻ.ആർ.പിയെ പിരിച്ചുവിടാനും നേതാക്കളെ നാടുകടത്താനും ജയിലിലടക്കാനും ഹുൻ കോടതിയെ ദുരുപയോഗം ചെയ്തെന്ന് വിമർശനമുണ്ട്. സ്വതന്ത്ര മാധ്യമസ്ഥാപനങ്ങൾക്കും അവകാശ സംഘടനകൾക്കും എൻ.ജി.ഒകൾക്കും ട്രേഡ് യൂനിയനുകൾക്കും നിയന്ത്രണമേർപ്പെടുത്തി സ്വേച്ഛാധിപത്യ ഭരണമാണ് ഹുൻ സെൻ നടത്തുന്നതെന്നാണ് ആരോപണം. 45കാരനായ ഹുൻ മാനെറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻനിരയിലുണ്ടായിരുന്നു. യു.എസ് മിലിട്ടറി അക്കാദമിയിലും ബ്രിസ്റ്റോൾ സർവകലാശാലയിലും പഠിച്ച ഹുൻ മാനെറ്റ് മനുഷ്യാവകാശധ്വംസനം സംബന്ധിച്ച പാശ്ചാത്യൻ ആരോപണങ്ങൾക്ക് ചെവികൊടുക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, പാർട്ടി നേതൃത്വം നിലനിർത്തുന്നതിനാൽ ആത്യന്തിക നിയന്ത്രണം പിതാവിനുതന്നെയാകുമെന്നാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.