കൽക്കൂമ്പാരങ്ങൾക്കടിയിൽ നിന്ന് ഗസ്സയെ വീണ്ടെടുക്കാനാവുമോ?
text_fieldsഒരു വർഷം പിന്നിടുന്ന സൈനിക നടപടിയിലൂടെ ഗസ്സ മുനമ്പിനെ പാടേ തകർത്തിരിക്കുന്നു സയണിസ്റ്റ് രാഷ്ട്രമായ ഇസ്രായേൽ. ഒരിക്കൽ തിരക്കിലമർന്ന് സജീവമായ തെരുവുകൾ വൻ ഗർത്തങ്ങളുടെയും മറിഞ്ഞു വീണ കൂറ്റൻ കെട്ടിടങ്ങളുടെയും പൊടിപിടിച്ച കൽക്കൂമ്പാരങ്ങളുടെയും വളഞ്ഞുപിരിഞ്ഞ കമ്പികളുടെയും വിചിത്രവും ഭയാനകവുമായ ഭൂപ്രകൃതിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. നിറങ്ങൾ മാഞ്ഞ് നരച്ചതും മൂകവുമായ ദേശത്തിനുമേൽ കണ്ണുപായിക്കുമ്പോൾ പ്രേതഭൂമിക്ക് സമാനം!
കുടുംബങ്ങൾ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഭവനങ്ങളും പ്രാർഥനാ നിരതമായിരുന്ന പള്ളികളും കുട്ടികൾക്ക് പാഠങ്ങൾ പകർന്നുനൽകിയ വിദ്യാലയങ്ങളും കലാലയങ്ങളും ആതുരാലയങ്ങളും കച്ചവടസ്ഥാപനങ്ങളും നിലനിന്നിരുന്നിടങ്ങളിൽ ഇപ്പോൾ കൂറ്റൻ കോൺക്രീറ്റ്, കൽക്കൂമ്പാരങ്ങൾ മാത്രം.
ഏകദേശം 42 ദശലക്ഷം ടൺ അവശിഷ്ടങ്ങളാണ് ആ കൊച്ചുദേശത്തെ മൂടിക്കിടക്കുന്നത്. ഇത് നീക്കം ചെയ്യാൻ 14 വർഷമെടുക്കുമെന്നാണ് യു.എൻ കണക്കുകൾ പറയുന്നത്! ശുചീകരണത്തിന് കുറഞ്ഞത് 120കോടി ഡോളർ ചെലവുവരുമെന്ന് ഈ പ്രശ്നത്തിന് മേൽനോട്ടം വഹിക്കുന്ന യു.എൻ ഉദ്യോഗസ്ഥൻ പറയുന്നു.
അവശിഷ്ടങ്ങളുടെ അളവ് വളരെ വലുതാണ്. അത് അതിവേഗം കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്നു. 2008 മുതൽ ഗസ്സയിലെ മറ്റ് സംഘർഷങ്ങൾ സൃഷ്ടിച്ച എല്ലാ അവശിഷ്ടങ്ങളേക്കാളും 14 മടങ്ങ് കൂടുതലാണ് നിലവിലെ സംഘർഷം സൃഷ്ടിക്കുന്ന അവശിഷ്ടങ്ങളുടെ അളവ്. കൂട്ടിയിട്ടാൽ അത് ഏകദേശം ഈജിപ്തിലെ ഗ്രേറ്റ് പിരമിഡിന്റെ വലുപ്പത്തിലെ 11 കൂമ്പാരങ്ങൾക്ക് തുല്യമായിരിക്കും.
ഗസ്സ മുനമ്പിൽ പലയിടത്തും വ്യാപിച്ചുകിടക്കുന്നതിനാലും തീവ്രമായ നാശത്തിന്റെ നിരവധി മേഖലകൾ ഉള്ളതിനാലും ഇത് ഉയർത്തുന്ന പ്രതിസന്ധി വളരെ വലുതാണ്. ഇവ കൈകാര്യം ചെയ്യുക എന്നതും അതീവ ദുഷ്കരം. അവശിഷ്ടങ്ങളിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളവയുണ്ട്. ആസ്ബറ്റോസ്, മറ്റ് മലിനീകരണം എന്നിവയിൽ നിന്നുള്ള അപകടസാധ്യതകളും ഉണ്ട്. തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും ധാരാളം മൃതദേഹങ്ങൾ കിടക്കുന്നതും സങ്കീർണത വർധിപ്പിക്കുന്നു.
തകർന്ന കെട്ടിടങ്ങളിൽനിന്ന് പുറന്തള്ളുന്ന വലിയ അളവിലുള്ള പൊടി വായുവിൽ തങ്ങിനിൽക്കുന്നതോ ജലവിതരണ മാർഗത്തിലേക്ക് ഒഴുകുന്നതോ ആയ അപകടകരമായ വസ്തുക്കൾ പുറത്തുവിടുന്നു. ഇത് ഗസ്സയിലെ 23 ലക്ഷം ആളുകൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവർക്ക്.
ഗസ്സയിലുടനീളം വൻ നാശനഷ്ടങ്ങളുണ്ട്. സെപ്റ്റംബർ 3, 6 തീയതികളിൽ എടുത്ത ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ യുനോസാറ്റി(UNOSAT) ന്‍റെ നാശനഷ്ട വിലയിരുത്തൽ പ്രകാരം ഗസ്സ മുനമ്പിൽ 163,778 നിർമിതികൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇത് അവിടെയുള്ള കെട്ടിടങ്ങളുടെ മൊത്തം 66 ശതമാനം ആണ്. ഇതിൽ 78 ശതമാനം പൂർണമായും നശിക്കുയോ അല്ലെങ്കിൽ ഗുരുതരമായതോ അല്ലാത്തതോ ആയ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു.
ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത് വടക്കൻ ഗസ്സക്കാണ്. ഗസ്സ സിറ്റിയിൽ 36,611 കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി യുനോസാറ്റ് പറയുന്നു. 19,000ലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച തെക്കൻ നഗരമായ ഖാൻ യൂനിസാണ് ഏറ്റവും കൂടുതൽ നാശം ബാധിച്ച രണ്ടാമത്തെ പ്രദേശം. ജബലിയ അഭയാർഥി മേഖലയിലെ കെട്ടിടങ്ങളും ലാൻഡ്‌മാർക്കുകളും നിരപ്പായതിനാൽ തിരിച്ചറിയാൻ കഴിയാത്തതായി മാറിയിരിക്കുന്നു.
ഒക്‌ടോബർ 7ന് ഇസ്രായേലിനെതിരെ ആക്രമണം നടത്തിയ ഹമാസിനെ നശിപ്പിക്കുക എന്നതാണ് ഗസ്സയിലെ ഇസ്രായേൽ നടപടിയുടെ പ്രഖ്യാപിത ലക്ഷ്യമെങ്കിലും ഒരു ദേശത്തെയും ജനതയെയും നാമാവശേഷമാക്കി അത് നിർത്താതെ തുടരുകയാണ്. വ്യോമ, കര ആക്രമണത്തിൽ ഏകദേശം അര ലക്ഷത്തോളം പേർ കൊല്ലപ്പെട്ടതായും അവശിഷ്ടങ്ങൾക്കടിയിൽ കിടക്കുന്നവരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഫലസ്തീൻ ആരോഗ്യ അധികൃതർ പറയുന്നു. ഹമാസ് പോരാളികൾ പൊതുജനങ്ങൾക്കിടയിൽ ഒളിച്ചിരിക്കുകയാണെന്നും സിവിലിയൻമാർക്ക് ഉപദ്രവം ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ അവർ എവിടെയാണെങ്കിലും അവരെ ആക്രമിക്കുമെന്നുമാണ് ഇസ്രായേലിന്റെ അവകാശ വാദം.
യുദ്ധം ആരംഭിച്ച ഉടൻ ആരംഭിച്ച ഇസ്രായേലിന്റെ കരയാക്രമണം തുടക്കത്തിൽ വടക്കൻ ഗസ്സയിലും ഗസ്സ സിറ്റിയിലുമായിരുന്നു കേന്ദ്രീകരിച്ചത്. എന്നാൽ, വ്യോമാക്രമണം ശക്തിപ്പെടുത്തിയതോടെ ചെറിയ പ്രദേശങ്ങളിലുടനീളം അത് തുടർന്നു. നിരവധി അഭയാർത്ഥി ക്യാമ്പുകളും ആശുപത്രികളും ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് നീങ്ങി. വ്യോമാക്രമണവും പീരങ്കി വെടിവെപ്പും കെട്ടിടങ്ങളുടെ നാശനഷ്ടങ്ങളുടെ അളവ് വളരെയധികം വർധിപ്പിച്ചു. സർവകലാശാലകൾ പോലുള്ള വലിയ പൊതു കെട്ടിടങ്ങൾ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ ഇസ്രായേൽ സൈന്യം തകർത്തു. ഡിസംബറിൽ തെക്കൻ ഗസ്സലെ ഏറ്റവും വലിയ നഗരമായ ഖാൻ യൂനിസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് ഇസ്രായേൽ സൈന്യം അതിക്രമിച്ചു കയറി. മെയ് മാസത്തിൽ അവർ ഈജിപ്തിന്റെ അതിർത്തിയിലുള്ള റഫയിലേക്കുമെത്തി. എങ്കിലും ഏറ്റവും തീവ്രമായ യുദ്ധം കൂടുതലും വടക്ക് കേന്ദ്രീകരിച്ചായിരുന്നു.
തകർന്ന കെട്ടിടങ്ങളിൽ ഏകദേശം 227,591 ഭവന യൂനിറ്റുകളും ഉൾപ്പെടുന്നുതായി യുനോസാറ്റ് ഡേറ്റ കാണിക്കുന്നു. ഗസ്സയിലെ യുദ്ധത്തിനു മുമ്പുള്ള 23 ദശലക്ഷം ആളുകളെ ഇത് ഭവനരഹിതരാക്കി. ചില കുടുംബങ്ങൾ അപ്പോഴും തങ്ങളുടെ താമസ സ്ഥലത്തേക്ക് മടങ്ങാനും അവശിഷ്ടങ്ങൾക്കിടയിൽ ജീവിക്കാനും തയ്യാറാവുന്നു. അവർ താമസിക്കാൻ താൽക്കാലിക കൂടാരങ്ങൾ സ്ഥാപിക്കുകയും കൽക്കൂമ്പാരങ്ങൾക്കിടയിൽ പാചകം ചെയ്യുകയും ഉറങ്ങുകയും ചെയ്യുന്നു. അവശിഷ്ടങ്ങൾ നീക്കാൻ അവർക്ക് ഉപകരണങ്ങളില്ല. അതിനായി ചട്ടുകങ്ങളോ വെറുംകൈകളോ ഉപയോഗിക്കുന്ന കാഴ്ചയാണ്.
പിറന്നുവീണ മണ്ണിൽ ജീവിക്കാൻ മരണത്തെപ്പോലും വെല്ലുവിളിക്കുന്ന സമാനതകളില്ലാത്ത ജനതയായി മാറുകയാണ് ഗസ്സക്കാർ. പ്രതീക്ഷയുടെ നാളങ്ങൾ കെടുത്താതെ അവർ കാത്തിരിക്കുകയാണ്. അപ്പോഴും കൽക്കൂമ്പാരങ്ങളും പൊടിപടലങ്ങളും മൂടിയ ഈ നരച്ച ദേശത്തെ വംശീയ യുദ്ധാന്തരം തിരിച്ചു പിടിക്കാൻ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരമൊന്നുമില്ലാതാവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.