കാനഡയിൽ വിദ്യാർഥി വിസകൾക്ക് രണ്ടു വർഷത്തെ പരിധി
text_fieldsഓട്ടവ: അന്താരാഷ്ട്ര വിദ്യാർഥികൾക്കുള്ള വിസക്ക് രണ്ടുവർഷ പരിധി നിശ്ചയിച്ച് കാനഡ. എമിഗ്രേഷൻ മന്ത്രി മാർക് മില്ലർ ഓട്ടവയിൽ വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതിയ തീരുമാനമനുസരിച്ച് ഈ വർഷം പുതിയ പഠനവിസകളിൽ 35 ശതമാനംവരെ കുറവുണ്ടാകും. ഒന്‍റാറിയോ പോലുള്ള ചില പ്രവിശ്യകളിൽ അമ്പതുശതമാനത്തിലേറെയും കുറവുവരുമെന്നും അദ്ദേഹം പറഞ്ഞു. സെപ്റ്റംബർ ഒന്നുമുതൽ വിദ്യാർഥികൾക്ക് ബിരുദാനന്തര വർക്ക് പെർമിറ്റ് ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വരും ആഴ്ചകളിൽ മെഡിസിൻ, ലോ തുടങ്ങിയ പ്രഫഷനൽ പ്രോഗ്രാമുകൾ, മാസ്റ്റേഴ്സ്, ഡോക്ടറൽ പ്രോഗ്രാമുകൾ എന്നിവയിൽ എൻറോൾ ചെയ്തിട്ടുള്ള വിദ്യാർഥികളുടെ പങ്കാളികൾക്ക് മാത്രമേ ഓപൺ വർക്ക് െപർമിറ്റ് ലഭിക്കൂ. പാർപ്പിട പ്രതിസന്ധിയെ തുടർന്നാണ് കാനഡയിലേക്കുള്ള കുടിയേറ്റത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
കാനഡയിൽ ലഭ്യമായ വീടുകളേക്കാൾ കൂടുതൽ കുടുംബങ്ങൾ എത്തുന്നത് വീടുകളുടെ വില വർധനക്ക് കാരണമാകുമെന്ന് അടുത്തിടെ, കൺസർവേറ്റിവ് നേതാവ് പിയറി പൊയിലിവർ പറഞ്ഞിരുന്നു. അധികാരത്തിലെത്തിയാൽ വീടുകളുടെ ലഭ്യത, ജോലി എന്നിവക്ക് അനുസൃതമായി കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.
കാനഡയിലെത്തുന്ന വിദ്യാർഥികളുടെ വിസയിൽ താമസകേന്ദ്രത്തിന്‍റെ വിലാസം നിർബന്ധമാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം ബ്രാംപ്റ്റൺ സിറ്റി കൗൺസിൽ പാസ്സാക്കി. താമസകേന്ദ്രങ്ങളുടെ കാര്യത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണിത്. കോളജുകൾ എ.ടി.എമ്മുകൾ പോലെ വിദ്യാർഥികളെ ഉപയോഗപ്പെടുത്തുമ്പോൾ അവർ മൂന്നാംലോക സാഹചര്യങ്ങളിലാണ് ഇവിടെ കഴിയേണ്ടിവരുന്നതെന്ന് ബ്രാംപ്റ്റൺ സിറ്റി മേയർ പാട്രിക് ബ്രൗൺ പറഞ്ഞു. ഇത് അനുവദിക്കാനാവില്ല. വിസയോടൊപ്പം താമസവിലാസം നിർബന്ധമാക്കിയാൽ കോളജുകൾ കൃത്യമായ താമസസൗകര്യം ഏർപ്പാടാക്കുന്നതിലേക്ക് നയിക്കും. ഇത് പ്രതിസന്ധി കുറക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.