ഇടക്കാല വ്യാപാര ഉടമ്പടി മുന്നോട്ട് കൊണ്ട് പോകാൻ ഇന്ത്യയും കാനഡയും
text_fieldsടൊറന്‍റൊ: ഇന്ത്യയും കാനഡയും തമ്മിലുള്ള ഇടക്കാല വ്യാപാര ഉടമ്പടിയിലെ രണ്ടാം ഘട്ട ചർച്ചയിൽ പുരോഗമനം. കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയലും കനേഡിയൻ മന്ത്രി മേരി നിഗും പങ്കെടുത്ത ഓൺലൈൻ ചർച്ചയിലാണ് ഉടമ്പടിയെ കുറിച്ച് സംസാരിച്ചത്. വരും മാസങ്ങളിൽ തുടർ ചർച്ചകൾ നടക്കുമെന്നും പ്രതിനിധികൾ അറിയിച്ചു.
ആദ്യ ഘട്ട ചർച്ച 2022 മാർച്ചിന് നിഗ് ഇന്ത്യ സന്ദർശിച്ചപ്പോഴാണ് നടന്നത്. ഇരുരാജ്യങ്ങളും തമ്മിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറും മുന്നോട്ട് കൊണ്ടുപോകാനുണ്ടെന്ന് കാനഡ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. നിക്ഷേപങ്ങളും പങ്കാളിത്തവും ഉന്നത മേഖലകളിൽ നടത്തുവാനും പദ്ധതിയിടുന്നുണ്ട്.
പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിനുമുള്ള പദ്ധതികൾക്കായി കാനഡയുമായി ജൂൺ മൂന്നിന് ഇന്ത്യ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ലോകത്തിന്‍റെ 30 ശതമാനം സമുദ്ര-കര മേഖലകൾ സംരക്ഷിക്കുന്നതിനായി 2030ഓടെ ആഗോള ജൈവവൈവിധ്യ സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായുള്ള കരാറായിരുന്നു ഇത്. പുനരുപയോഗ ഊർജ്ജ ശേഷി വർദ്ധിപ്പിക്കുക, ഘനവ്യവസായങ്ങൾ ഡീകാർബണൈസ് ചെയ്യുക, പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക, രാസവസ്തുക്കൾ കൃത്യമായി കൈകാര്യം ചെയ്യുക, ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുക, തുടങ്ങിയതിൽ ഒന്നിച്ച് സഹകരിക്കുമെന്ന് പ്രതിനിധികൾ പറഞ്ഞിരുന്നു.
കഴിഞ്ഞ മാസം ഒട്ടാവയിൽ രാജ്യങ്ങൾ തമ്മിൽ ശാസ്ത്ര-സാങ്കേതിക സഹകരണ സമ്മേളനവും നടന്നു. ബന്ധം ദൃഢമാകുവാൻ ശാസ്ത്ര-സാങ്കേതിക മേഖലയിൽ ആഴത്തിലുള്ള സഹകരണം ആവശ്യമാണെന്ന് ഇരു രാജ്യങ്ങളും പ്രസ്ഥാവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.