സാമൂഹിക മാധ്യമങ്ങൾക്ക് അടിമയായതോടെ ഉറക്കം നഷ്ടമായി, മാനസികാരോഗ്യം മോശമായി; യൂട്യൂബിനും മെറ്റക്കും ടിക് ടോക്കിനും എതിരെ പരാതി നൽകി കനേഡിയൻ യുവാവ്
text_fieldsഓട്ടവ: സാമൂഹിക മാധ്യമങ്ങളായ യൂട്യൂബിനും മെറ്റക്കും ടിക് ടോക്കിനും എതിരെ പരാതി നൽകി കനേഡിയൻ യുവാവ്. താൻ ഇവക്ക് അടിമപ്പെട്ടുപോയെന്നും അമിതമായുള്ള ഉപയോഗം മൂലം ഉറക്കം നഷ്ടപ്പെട്ടുവെന്നും മാനസികാരോഗ്യം മോശമായെന്നും കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
2015 മുതൽ താൻ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നതായും യുവാവ് പറയുന്നു. ഇവയുടെ അമിത ഉപയോഗം മൂലം ഉൽപ്പാദന ക്ഷമത കുറഞ്ഞു. ശരീര പ്രതിഛായയിലും പ്രശ്നങ്ങളുണ്ടായി. ദിവസം നാലു മണിക്കൂർ വരെ സാമൂഹികമാധ്യമങ്ങളിൽ വിഹരിക്കുന്നുണ്ടെന്നും യുവാവ് പരാതിയിൽ പറയുന്നു. പിന്നീടത് രണ്ടുമണിക്കൂറായി കുറക്കാൻ ശ്രമിച്ചു. സാമൂഹിക മാധ്യമങ്ങൾ അമിതമായി ഉപയോഗിച്ച് പ്രശ്നങ്ങൾ നേരിടുന്നവർക്ക് കൂടിയാണ് തന്റെ പരാതിയെന്നും യുവാവ് പറയുന്നുണ്ട്. ഗുരുതരമായ പ്രശ്നമാണിതെന്ന് കണ്ടാണ് കേസ് ഏറ്റെടുത്തതെന്ന് കനേഡിയൻ പൗരന്റെ അഭിഭാഷകൻ ഫിലിപ്പ് ബ്രോൾട് പ്രതികരിച്ചു.
ഏഴിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള 52 ശതമാനം കനേഡിയൻ കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ട് ഇവ ഉപയോഗിക്കുന്നവരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ സാമൂഹിക മാധ്യമ ഉടമകൾ ശ്രദ്ധിക്കണമെന്നും ബ്രോൾട് പറഞ്ഞു. മനുഷ്യരുടെ മാനസിക ബലഹീനതകളെയാണ് ഇത്തരം സമൂഹമാധ്യമങ്ങൾ ചൂഷണം ചെയ്യുന്നത്. ഇവയുടെ നിരന്തര ഉപയോഗം നിത്യജീവിതത്തിലും ജീവിത ശൈലിയിലും തന്നെ മാറ്റം വരുത്തുകയാണ്. ഇവയുടെ ഉപയോഗത്തിലൂടെ നേരിടേണ്ടിവരുന്ന വെല്ലുവിളികളെ കുറിച്ച് ജനങ്ങൾ ബോധവാന്മാരകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.