ട്രംപ് വീണ്ടും യു.എസ് പ്രസിഡന്റ്; കുടിയേറ്റക്കാരെ പേടിച്ച് അതിർത്തിയിൽ സുരക്ഷ ശക്തമാക്കി കാനഡ
text_fieldsഒട്ടാവ: ഡോണൾഡ് ട്രംപ് വീണ്ടും യു.എസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ അതിർത്തികളിൽ പട്രോളിങ് ശക്തമാക്കി കാനഡ. യു.എസിൽ നിന്ന് കുടിയേറ്റക്കാരുടെ ഒഴുക്കുണ്ടാകുമെന്ന റിപ്പോർട്ടുകളെ തുടർന്നാണിത്. രേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് കഴിയുന്നവരെ പുറത്താക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കുടിയേറ്റക്കാർ രാജ്യത്തെ രക്തത്തിൽ കലർന്ന വിഷമാണെന്നാണ് ട്രംപിന്റെ പക്ഷം. യു.എസ് ചരിത്രത്തിൽ ഇതുവരെ കാണാത്ത രീതിയിലുള്ള കൂട്ടപ്പുറത്താക്കൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. അവരിലേറെ പേരും അഭയം തേടിയെത്തുക കാനഡയിലേക്കാണ്.
''ഞങ്ങൾ കനത്ത ജാഗ്രതയിലാണ്. എല്ലാ കണ്ണുകളും അതിർത്തിയിലാണ്. എന്താണ് സംഭവിക്കുക എന്ന് ഉറ്റുനോക്കുകയാണ്. ട്രംപിന്റെ കുടിയേറ്റനയത്തെ കുറിച്ച് എല്ലാവർക്കും അറിയാം. യു.എസിൽ നിന്ന് പുറത്താക്കിയാൽ കാനഡയിലേക്ക് കുടിയേറ്റക്കാരുടെ പ്രവാഹമായിരിക്കും. അത് തടയുകയാണ് ലക്ഷ്യം.''-കനേഡിയൻ പൊലീസ് വ്യക്തമാക്കി.
വിഷയം ചർച്ച ചെയ്യാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. തങ്ങൾക്കൊരു പദ്ധതിയുണ്ടെന്ന് കൂടുതൽ വിശദീകരണം നൽകാതെ ക്രിസ്റ്റിയ ഫ്രീലാൻഡ് സൂചിപ്പിച്ചു. ''ഞങ്ങളുടെ അതിർത്തികൾ സുരക്ഷിതമാണ്. കുടിയേറ്റക്കാരെ നിയന്ത്രിക്കാൻ ഞങ്ങൾക്കറിയാം.''-ഡെപ്യൂട്ടി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കമല ഹാരിസിനെ പിന്തുണച്ച സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കാനഡയിലേക്ക് പോകുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2016ൽ ട്രംപ് അധികാരത്തിലെത്തിയപ്പോഴും സമാന സ്ഥിതിയായിരുന്നു. അന്ന് കാനഡയുടെ ഇമിഗ്രേഷൻ വെബ്സൈറ്റ് പോലും ഇവരുടെ സെർച്ചിങ്ങിനിടെ തകരാറിലാവുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.