Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകനേഡിയൻ പ്രധാനമന്ത്രി...

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്

text_fields
bookmark_border
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിക്കൊരുങ്ങുന്നതായി റിപ്പോർട്ട്
cancel

ഒട്ടാവ: അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സ്ഥാനമൊഴിയാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. ഒമ്പതു വർഷത്തെ ഭരണത്തിനു ശേഷം കനഡയിലെ ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ നേതാവ് പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുമെന്ന് കരുതുന്നുവെന്ന് മൂന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ‘ദി ഗ്ലോബ് ആൻഡ് മെയിൽ’ ആണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ, രാജി വാർത്തയോട് പ്രധാനമന്ത്രിയുടെ ഓഫിസ് ഉടനടി പ്രതികരിച്ചില്ല. അതേസമയം, കനഡ-യു.എസ് ബന്ധങ്ങളെക്കുറിച്ചുള്ള കാബിനറ്റ് കമ്മിറ്റി യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഷെഡ്യൂൾ കാണിക്കുന്നു.

ട്രൂഡോ എപ്പോൾ രാജി​ പ്രഖ്യാപിക്കുമെന്ന് തങ്ങൾക്ക് കൃത്യമായി അറിയില്ലെന്നും ബുധനാഴ്ചത്തെ ഒരു പ്രധാന ദേശീയ മീറ്റിങ്ങിനു മുമ്പ് അത് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്രോതസ്സുകൾ ഗ്ലോബ് ആൻഡ് മെയിലിനോട് പറഞ്ഞു. ട്രൂഡോ ഉടൻ ഇറങ്ങുമോ അതോ പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരുമോ എന്നത് വ്യക്തമല്ലെന്നും റിപ്പോർട്ട് പറയുന്നു.

2013ൽ ലിബറൽ പാർട്ടി കടുത്ത പ്രതിസന്ധിയിലായപ്പോഴാണ് ട്രൂഡോ നേതാവായി ചുമതലയേറ്റത്. ഈ വർഷം ഒക്‌ടോബർ അവസാനത്തോടെ നടക്കേണ്ട തെരഞ്ഞെടുപ്പിൽ ലിബറലുകൾ പ്രതിപക്ഷമായ കൺസർവേറ്റിവുകളോട് മോശം നിലയിൽ തോൽക്കുമെന്ന് സർവേകൾ കാണിക്കുന്ന സമയത്ത് ട്രൂഡോയുടെ വിടവാങ്ങൽ പാർട്ടിയെ സ്ഥിരം നേതാവില്ലാത്ത അവസ്ഥയിലേക്കു തള്ളിവിടും. ഇടക്കാല നേതാവും പ്രധാനമന്ത്രിയും ആവാൻ തയ്യാറാണോ എന്ന് ധനമന്ത്രി ഡൊമിനിക് ലെബ്ലാങ്കുമായി പ്രധാനമന്ത്രി ചർച്ച ചെയ്തതായും സൂചനയുണ്ട്.

നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താരിഫ് ഭീഷണികളോടുള്ള കനഡയുടെ പ്രതികരണത്തിൽ ജസ്റ്റിൻ ട്രൂഡോയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് കഴിഞ്ഞ മാസം അപ്രതീക്ഷിത പ്രഖ്യാപനത്തോടെ രാജിവെച്ചിരുന്നു. കനേഡിയൻ ഇറക്കുമതിക്ക് മേൽ ട്രംപ് ആസൂത്രണം ചെയ്ത 25ശതമാനം താരിഫ് ചൂണ്ടിക്കാട്ടിയായിരുന്നു അവരു​ടെ തീരുമാനം. ട്രൂഡോ രാജിവെക്കുകയാണെങ്കിൽ അടുത്ത നാലു വർഷത്തേക്ക് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണത്തെ നേരിടാൻ കഴിയുന്ന സുസ്ഥിര സർക്കാർ സ്ഥാപിക്കുന്നതിന് പെട്ടെന്നുള്ള തെരഞ്ഞെടുപ്പിലേക്ക് കട​ക്കേണ്ടിവരും.

തെരഞ്ഞെടുപ്പു പരാജയം മുന്നിൽ കണ്ട് പരിഭ്രാന്തരായ ലിബറൽ പാർലമെന്റേറിയൻമാരുടെ എണ്ണം വർധിക്കുന്നതു കൂടി ട്രൂഡോയുടെ രാജി സന്നദ്ധതക്ക് കാരണമായിട്ടുണ്ടാവാമെന്നാണ് നിരീക്ഷകപക്ഷം. അതേസമയം, തെരഞ്ഞെടുപ്പിനെ കുറിച്ചും രണ്ട് പ്രത്യേക തെരഞ്ഞെടുപ്പുകളിൽ സുരക്ഷിതമായ സീറ്റുകൾ നഷ്‌ടപ്പെട്ടതിനെ കുറിച്ചും ഉത്കണ്ഠാകുലരായ ലിബറൽ നിയമസഭാംഗങ്ങളെ പ്രതിരോധിക്കാൻ 53 കാരനായ ട്രൂഡോക്ക് കഴിഞ്ഞതായും റിപ്പോർട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationJustin TrudeauUS and Canada
News Summary - Canada PM Justin Trudeau to announce resignation this week: Report
Next Story