രാജ്യം സുരക്ഷിതം; പൗരൻമാർക്കുള്ള ഇന്ത്യൻ മുന്നറിയിപ്പ് തള്ളി കാനഡ
text_fieldsഒട്ടാവ: സ്വന്തം പൗരൻമാർക്ക് ഇന്ത്യ നൽകിയ മുന്നറിയിപ്പ് തള്ളി കാനഡ. സുരക്ഷിതരാജ്യമാണ് കാനഡയെന്ന് പൊതുസുരക്ഷ മന്ത്രി ഡൊമിനിക് ലെബലാക് അറിയിച്ചു. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
കാനഡയിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും ആ രാജ്യത്തേക്ക് പോകുന്ന പൗരന്മാരും അങ്ങേയറ്റം ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡ പൊതുസുരക്ഷ മന്ത്രിയുടെ പ്രതികരണം.
കാനഡയുടെ ചില ഭാഗങ്ങളിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും രാഷ്ട്രീയ പിന്തുണയോടെയുള്ള വിദ്വേഷ കുറ്റകൃത്യങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യാവിരുദ്ധ അജണ്ടയെ എതിർത്ത രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധികൾക്കും ചില പൗരന്മാർക്കുമെതിരെ ഭീഷണി ഉയർന്നിരുന്നു. ഇന്ത്യൻ പൗരന്മാർ ആ രാജ്യത്തെ ഈ മേഖലകളിലേക്കും ഇത്തരം സംഭവങ്ങൾ നടക്കാനിടയുള്ള സ്ഥലങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണം.
കാനഡയിലെ ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും ഒട്ടാവയിലെ ഇന്ത്യൻ ഹൈകമീഷന്റെയോ ടൊറന്റോയിലോ വാൻകൂവറിലോ ഉള്ള കോൺസുലാർ ജനറൽ ഓഫ് ഇന്ത്യയുടെയോ വെബ്സൈറ്റുകളിലോ അല്ലെങ്കിൽ http://madad.gov.in. എന്ന വെബ്സൈറ്റിലോ നിർബന്ധമായി രജിസ്റ്റർ ചെയ്യണം.
അടിയന്തര സാഹചര്യങ്ങളിലോ അസ്വാഭാവിക സംഭവങ്ങളുണ്ടാകുമ്പോഴോ പൗരന്മാരെ ബന്ധപ്പെടാൻ ഇതുസഹായിക്കുമെന്നും വിദേശ മന്ത്രാലയം കൂട്ടിച്ചേർത്തു. അതേസമയം, ഇന്ത്യയിലേക്ക് യാത്രചെയ്യുന്ന പൗരന്മാർക്ക് കാനഡ മുന്നറിയിപ്പ് നൽകി. സുരക്ഷാ കാരണത്താല്‍ ജമ്മു-കശ്മീരും ലഡാക്കും സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കൂടാതെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസമിലും മണിപ്പൂരിലും നിരവധി തീവ്രവാദ, വിമത ഗ്രൂപ്പുകൾ സജീവമാണെന്നും അത്തരം സ്ഥലങ്ങളിൽ പോകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
ഖലിസ്താൻ വിഘടനവാദി നേതാവും ഭീകരനുമായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനുപിന്നിൽ ഇന്ത്യൻ ഏജന്റുമാരാകാൻ സാധ്യതയുള്ളതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം ആരോപിച്ചതിനുപിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഉലഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.