ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കുള്ള അധിക സ്ക്രീനിങ് നിർത്തലാക്കി കാനഡ
text_fieldsന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കുള്ള അധിക സ്ക്രീനിങ് നിർത്തലാക്കി കാനഡ. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് കാനഡ അധിക സ്ക്രീനിങ് ഏർപ്പെടുത്തിയത്. ഇന്ത്യ-കാനഡ ബന്ധം വഷളായതിന് പിന്നാലെയാണ് എക്സ്ട്രാ സ്ക്രീനിങ് ഏർപ്പെടുത്തുമെന്ന് അറിയിച്ചത്. ഇതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
കനേഡിയൻ ട്രാൻസ്പോർട്ട് മന്ത്രി അനിത ആനന്ദാണ് അധിക സ്ക്രീനിങ് ഒഴിവാക്കിയ വിവരം അറിയിച്ചത്. ഇത് വിമാന യാത്രികരുടെ യാത്ര വൈകാൻ ഇടയാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഒഴിവാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഹർദീപ് സിങ് നിജ്ജാർ വധം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അറിവോടെയാണെന്ന മാധ്യമ റിപ്പോർട്ടുകൾ തള്ളി കാനഡ. മോദിക്കോ അദ്ദേഹത്തിന്റെ ഉന്നത ഉദ്യോഗസ്ഥർക്കോ കാനഡയിലെ ഒരു കുറ്റകൃത്യത്തിലും പങ്കില്ലെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു.
പത്രവാർത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കനേഡിയൻ സർക്കാറിന്റെ വിശദീകരണം. അമിത് ഷായുടെ നേതൃത്വത്തിലാണ് ഹർദീപ് സിങ് നിജ്ജാറിനെ വധിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനും ദേശീയ സുരക്ഷാഉപദേഷ്ടാവ് അജിത് ഡോവലിനും പദ്ധതിയെ കുറിച്ച് അറിയാമെന്നുമായിരുന്നു കനേഡിയൻ പത്രത്തിന്റെ റിപ്പോർട്ട്.
കഴിഞ്ഞ ദിവസം കനേഡിയൻ സർക്കാറിന്റെ പ്രസ്താവനയിൽ വിവാദത്തിൽ നിന്നും അകലം പാലിക്കുകയാണ് അവർ ചെയ്യുന്നത്. ആരോപണങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകൾ ഇല്ലെന്നും കാനഡ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.