'യു.എസ് ആയുധങ്ങൾ ഇനി വേണ്ട'; യൂറോപുമായി അടുത്ത് കാനഡ
text_fieldsടൊറന്റോ: തീരുവ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷക്ക് യു.എസിനെ ആശ്രയിക്കുന്നത് അവസാനിപ്പിക്കാനുള്ള നീക്കവുമായി കാനഡ. യു.എസിന് പകരം യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് യുദ്ധ വിമാനങ്ങൾ അടക്കം ആയുധങ്ങൾ വാങ്ങാനാണ് കാനഡയുടെ പദ്ധതി. ഉൽപന്നങ്ങൾക്ക് യു.എസ് കനത്ത നികുതി ചുമത്തുകയും 51ാമത്തെ സംസ്ഥാനമാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കാനഡയെ ചൊടിപ്പിച്ചത്.
യുദ്ധ വിമാനങ്ങൾ ഉൾപ്പെടെ ആയുധം വാങ്ങുന്നത് സംബന്ധിച്ച് യൂറോപ്യൻ യൂനിയനുമായി കാനഡ ചർച്ച തുടങ്ങിയതായി മുതിർന്ന കനേഡിയൻ സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. കാനഡയിൽ യുദ്ധവിമാനങ്ങൾ നിർമിക്കുന്നതിനെക്കുറിച്ചും ചർച്ച നടക്കുന്നുണ്ട്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം തിങ്കളാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമറുമായും കൂടിക്കാഴ്ച നടത്തിയ മാർക് കാർണി ഇതു സംബന്ധിച്ച ചർച്ച നടത്തിയതായാണ് സൂചന.
വ്യത്യസ്ത രാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ വാങ്ങാനും യൂറോപ്യൻ യൂനിയനുമായുള്ള ബന്ധം ശക്തമാക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് കാർണി വ്യക്തമാക്കിയിട്ടുണ്ട്. മാറിയ സാഹചര്യത്തിൽ യു.എസിന്റെ എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നത് പുനഃപരിശോധിക്കണമെന്ന് അദ്ദേഹം പ്രതിരോധ മന്ത്രി ബിൽ ബ്ലെയറിന് നിർദേശം നൽകിയിട്ടുണ്ട്. 88 എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാൻ രണ്ടുവർഷം മുമ്പാണ് കാനഡ കരാറിലൊപ്പിട്ടത്. എന്നാൽ, ആദ്യത്തെ 16 വിമാനങ്ങൾക്കുള്ള സാമ്പത്തിക ബാധ്യത മാത്രമേ കാനഡക്കുള്ളൂ.
അതിനിടെ, ആസ്ട്രേലിയയിൽനിന്ന് 420 കോടിയുടെ റഡാർ വാങ്ങുമെന്ന് ചൊവ്വാഴ്ച കാർണി പ്രഖ്യാപിച്ചിരുന്നു. സാബ് ഗ്രിപൻ യുദ്ധവിമാനങ്ങളുടെ സംയോജനവും പരിപാലനവും കാനഡയിൽ നടത്താമെന്ന നിർദേശം സ്വീഡൻ മുന്നോട്ടുവെച്ചിട്ടുണ്ട്.
യുക്രെയ്നുള്ള പ്രതിരോധ സഹായം അവസാനിപ്പിക്കുകയും റഷ്യയുമായി സഹകരണം ശക്തമാക്കുകയും ചെയ്തതിനു പിന്നാലെ സുരക്ഷക്ക് യു.എസിനെ ആശ്രയിക്കുന്നത് പ്രമുഖ യൂറോപ്യൻ രാജ്യങ്ങൾ ഈയിടെ അവസാനിപ്പിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.