ഇന്ത്യയുമായി ക്രിയാത്മകമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കാനഡ
text_fieldsഒട്ടാവ: ഇന്ത്യയുമായി ക്രിയാത്മകമായി പ്രവർത്തിക്കാനാണ് കാനഡ ആഗ്രഹിക്കുന്നതെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വെള്ളിയാഴ്ച യുക്രേനിയൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയുമായി നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിലാണ് ട്രൂഡോ ഇക്കാര്യം പറഞ്ഞത്. ഇന്ത്യ കാനഡയുമായി ബന്ധപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അങ്ങനെ വിഷയത്തിന്റെ അടിത്തട്ടിൽ എത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ തീവ്രവാദിയായി പ്രഖ്യാപിച്ച ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച ആരോപിച്ചിരുന്നു.
തുടർന്ന് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം ഉലഞ്ഞതിനു പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തു. ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഇന്ത്യയുടെ ബന്ധങ്ങളെക്കുറിച്ചുള്ള കാനഡയുടെ ആരോപണങ്ങൾ രാഷ്ട്രീയപരമാണെന്നും ഇക്കാര്യത്തിൽ മുൻവിധി സംഭവിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞു. നിജ്ജാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കാനഡ ഒരു വിവരവും പങ്കുവെച്ചിട്ടില്ല. തങ്ങൾക്ക് നൽകുന്ന ഏത് വിവരവും പരിശോധിക്കാൻ ഇന്ത്യ തയാറാണെന്നും എന്നാൽ ഇതുവരെ പ്രത്യേക വിവരങ്ങളൊന്നും കാനഡയിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അരിന്ദം ബാഗ്ചി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.