നിജ്ജാറിന്റെ കൊലയിൽ കാനഡയുടെ ആരോപണം, തെളിവ് എവിടെയെന്ന് ഇന്ത്യ
text_fieldsഓട്ടവ: ഖാലിസ്താൻ തീവ്രവാദി നിജ്ജാറിന്റെ കൊലപാതകത്തിൽ കാനഡയുടെ ആരോപണത്തിൽ തെളിവ് എവിടെയെന്ന് ഇന്ത്യ. അന്വേഷണ നിഗമനങ്ങൾ എന്തായെന്ന് കാനഡയിലെ ഇന്ത്യൻ ഹൈകമീഷണർ സഞ്ജയ് കുമാർ വർമ ചോദിച്ചു. അന്വേഷണം കളങ്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയോ ഇന്ത്യൻ ഏജന്റുമാരോ ആണ് ഇതിന് പിന്നിലെന്ന് പറയാൻ ഉന്നതതലത്തിൽനിന്ന് ആരോ നിർദേശിച്ചിട്ടുണ്ടെന്ന് കാനഡയിലെ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. ആറു വർഷത്തിനിടെ ചിലരെ കൈമാറണമെന്ന് 26 തവണ ഇന്ത്യ അഭ്യർഥിച്ചിരുന്നു.
എന്നാൽ, കാനഡ നടപടിയെടുത്തില്ല. തനിക്കും കാനഡയിലെ മറ്റ് ഇന്ത്യൻ നയതന്ത്രപ്രതിനിധികൾക്കും സുരക്ഷാഭീഷണിയുണ്ടെന്നും സഞ്ജയ് കുമാർ വർമ പറഞ്ഞു. അതേസമയം, ഇന്ത്യ-കാനഡ തർക്കത്തിൽ മഞ്ഞുരുക്കത്തിന്റെ സൂചന നൽകി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിവാദം തീർക്കാൻ അവസരങ്ങളുണ്ടെന്ന് അദ്ദേഹം ന്യൂഡൽഹിയിൽ പറഞ്ഞു. ഇരുവിഭാഗവും ബന്ധപ്പെട്ടുവരുകയാണെന്നും വിവാദം അവസാനിക്കാനുള്ള വഴിതെളിയുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ജൂണിൽ ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യൻ ഏജന്റുമാരാകാൻ സാധ്യതയുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽവീഴ്ത്തിയത്. ആരോപണം അസംബന്ധമാണെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.