ട്രക്ക് ഡ്രൈവർമാരുടെ ഉപരോധം; കാനഡയിൽ അടിയന്തരാവസ്ഥ നിയമം നടപ്പാക്കിയതായി ജസ്റ്റിൻ ട്രൂഡോ
text_fieldsകാനഡയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർമാർ ആരംഭിച്ച റോഡ് ഉപരോധം നിയന്ത്രണ വിധേയമാക്കാൻ അടിയന്തരാവസ്ഥാ നിയമങ്ങൾ പ്രയോഗിക്കാനൊരുങ്ങി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കനേഡിയൻ ചരിത്രത്തിൽ അടിയന്തരാവസ്ഥ അധികാരങ്ങൾ പ്രയോഗിക്കുന്നത് രണ്ടാം തവണയാണ്.
'ഉപരോധങ്ങളും സമരങ്ങളും നിയന്ത്രണ വിധേയമാക്കുന്നതിന് ഫെഡറൽ ഗവൺമെന്റ് എമർജൻസി ആക്ട് പ്രയോഗിച്ചു' -ട്രൂഡോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിർത്തിയിൽ റൈഫിളുകൾ, കൈത്തോക്കുകൾ, ബോഡി കവചങ്ങൾ, വെടിക്കോപ്പുകൾ എന്നിവയുമായി 11 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ഫെഡറൽ പൊലീസ് അറിയിച്ചു.
അതേസമയം, കാനഡയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർമാർ ആരംഭിച്ച റോഡ് ഉപരോധം തുടരുകയാണ്. യു.എസിലെ ഡെട്രോയിറ്റിലേക്കുള്ള പ്രധാന അതിർത്തിപാതയിലെ അംബാസഡർ പാലം ഉപരോധിച്ച ട്രക്കുകൾ നീക്കി പൊലീസ് ഗതാഗതം പുനരാരംഭിച്ചെങ്കിലും ഒട്ടേറെ നഗരങ്ങളിൽ പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും തുടരുകയാണ്. തലസ്ഥാന നഗരമായ ഒട്ടാവയിൽ കടുത്ത തണുപ്പിലും ഇന്നലെ നാലായിരത്തോളം പേർ നടത്തിയ പ്രകടനം ഗതാഗതം സ്തംഭിപ്പിച്ചിരുന്നു.
ശനിയാഴ്ച വൈകിട്ടു മുതൽ കോൺക്രീറ്റ് സ്ലാബുകളും മറ്റും സ്ഥാപിച്ച് സമരക്കാർ റോഡിൽ തടസ്സമുണ്ടാക്കി. സമരം നേരിടാൻ പ്രവിശ്യാ അധികൃതരെക്കൂടി ഉൾപ്പെടുത്തി കമാൻഡ് സെന്ററിന് രൂപം കൊടുത്തു. വ്യാപാര പ്രതിസന്ധിക്കു ഇടയാക്കിയ കോവിഡ് വാക്സിൻ വിരുദ്ധ സമരം ഫ്രാൻസ്, നെതർലൻഡ്സ്, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലേക്കും പടർന്നിട്ടുണ്ട്.
അതിർത്തി കടന്നുവരുന്ന ട്രക്കുകളിൽ ഡ്രൈവർക്കു കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനെതിരെയാണ് കാനഡയിൽ പ്രക്ഷോഭം തുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.