ഓട്ടവയിലെ ട്രക്ക് സമരം അവസാനിപ്പിക്കണമെന്ന് കനേഡിയൻ കോടതി
text_fieldsഓട്ടവ: കനേഡിയൻ തലസ്ഥാനമായ ഓട്ടവയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ആഴ്ചകളായി തുടരുന്ന ട്രക്ക് സമരം അവസാനിപ്പിക്കണമെന്ന് കോടതി.ഒന്‍റാറിയോ സുപ്പീരിയർ കോടതി ചീഫ് ജസ്റ്റിസ് ജിയോഫ്രി മോറവെറ്റ്സ് ആണ് എത്രയും വേഗം സമരം അവസാനിപ്പിക്കണമെന്നും ആളുകൾ മേഖലയിൽ നിന്ന് ഒഴിഞ്ഞുപോകണമെന്നും ഉത്തരവിട്ടത്.
ട്രക്ക് സമരത്തോടെ 39 മില്യൺ ഡോളർ നഷ്ടമുണ്ടായെന്ന് കാണിച്ച് ഓട്ടോമോട്ടിവ് പാർട്സ് മാന്യുഫാക്ചറേഴ്സ് അസോസിയേഷൻ പരാതി നൽകിയതോടെയാണ് സമരം അവസാനിപ്പിക്കാൻ കോടതി ഇടപെട്ടത്. കോടതി ഉത്തരവിനെതുടർന്ന് അതിർത്തി കടക്കുന്നത് തടയുന്ന പ്രതിഷേധകരുടെ നടപടി ക്രിമിനൽ കുറ്റമാണെന്ന് കാണിച്ച് വിൻസർ പൊലീസ് പ്രസ്താവനയിറക്കി.
പ്രതിഷേധം തുടർന്നാൽ വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പു നൽകി. എന്നാൽ, മണിക്കൂറുകൾക്കകം കോടതി ഉത്തരവ് വകവെക്കാതെ കനേഡിയൻ പതാകയുമായി ആളുകൾ അംബാസഡർ പാലം ഉപരോധിക്കുന്നത് തുടർന്നു.
പ്രതിഷേധകർ ദിവസങ്ങളായി ഒന്‍റാറിയോയിലെ വിൻസറും യു.എസ് നഗരമായ ഡിട്രോയ്റ്റുമായി ബന്ധിപ്പിക്കുന്ന അംബാസഡർ പാലം ഉപരോധിക്കുകയാണ്. രാജ്യാന്തര അതിർത്തിയിലെ പാലം ഉപരോധിച്ചതോടെ ചരക്കുനീക്കം സ്തംഭിച്ചു. അതിർത്തി കടക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് കോവിഡ് വാക്സിനും പരിശോധനയും നിർബന്ധമാക്കിയതാണ് സമരത്തിന് കാരണം.
അതിർത്തി ഉപരോധം സംബന്ധിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി ചർച്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.