ഇന്ത്യക്കെതിരായ ഇന്റലിജൻസ് വിവരങ്ങൾ ചോർത്തിയെന്ന് സമ്മതിച്ച് കനേഡിയൻ ഉദ്യോഗസ്ഥർ
text_fieldsന്യൂഡൽഹി: ഇന്ത്യക്കെതിരായ ഇന്റലിജൻസ് വിവരങ്ങൾ ചോർത്തിയെന്ന് സമ്മതിച്ച് കാനഡ. രണ്ട് മുതിർന്ന കനേഡിയൻ ഉദ്യോഗസ്ഥർ ഇത് സമ്മതിച്ച് രംഗത്തെത്തിയെന്നാണ് റിപ്പോർട്ട്. വാഷിങ്ടൺ പോസ്റ്റിനാണ് ഇവർ വിവരങ്ങൾ ചോർത്തി നൽകിയത്.
ഹർദീപ് സിങ് നിജ്ജാറിന്റെ വധത്തിൽ ഇന്ത്യൻ സർക്കാറിന്റെ ഏജന്റുമാർക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിക്കുന്നതിനും മുമ്പ് തന്നെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തി നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. ജസ്റ്റിൻ ട്രൂഡോയുടെ സെക്യൂരിറ്റി, ഇന്റലിജൻസ് ഉപദേശക നതാലെ ഡ്രോവിൻ കനേഡിയൻ പാർലമെന്ററി സമിതിക്ക് മുമ്പാകെ ഇക്കാര്യം വെളിപ്പെടുത്തിയെന്ന് ദ ഗ്ലോബ് ആൻഡ് മെയിൽ ന്യൂസ്പേപ്പർ റിപ്പോർട്ട് ചെയ്തു. ഇത്തരം വിവരങ്ങൾ ചോർത്തി നൽകാൻ തനിക്ക് പ്രധാനമന്ത്രിയുടെ അനുമതി വേണ്ടെന്നും അവർ വെളിപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
ഇന്ത്യയുമായി സഹകരിക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് തരംതിരിക്കാത്ത വിവരങ്ങൾ നൽകി. കനേഡിയൻ പൗരൻമാർക്കെതിരെ ഇന്ത്യ ഏജന്റുമാർ സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിവരങ്ങളും നൽകിയെന്നും നതാലെ ഡ്രോവിൻ പാർലമെന്ററി സമിതിക്ക് മുമ്പാകെ വെളിപ്പെടുത്തിയെന്നാണ് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ 13ന് മുമ്പ് തന്നെ ഇത്തരം വിവരങ്ങൾ നൽകിയെന്നും റിപ്പോർട്ടുണ്ട്.
ഒക്ടോബർ 14ാം തീയതി ആറ് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയിരുന്നു. തുടർന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർക്കെതിരെ കാനഡയും നടപടിയെടുത്തിരുന്നു. നിജ്ജാർ വധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുന്നതിനും ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.