കോവിഡ് വാക്സിൻ നിർബന്ധമാക്കിയതിൽ പ്രതിഷേധം ശക്തം; രഹസ്യകേന്ദ്രത്തിലേക്ക് മാറി കനേഡിയൻ പ്രധാനമന്ത്രിയും കുടുംബവും
text_fieldsഒട്ടാവ: കോവിഡ് വാക്സിൻ നിർബന്ധമാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും രഹസ്യകേന്ദ്രത്തിലേക്ക് മാറിയെന്ന് റിപ്പോർട്ട്. കോവിഡ് വാക്സിൻ നിർബന്ധമാക്കിയതിനെതിരെ ട്രക്ക് ഡ്രൈവർമാരാണ് പ്രതിഷേധ രംഗത്തുള്ളത്. യു.എസ്-കാനഡ അതിർത്തി കടന്നെത്തുന്ന ട്രക്കുകളിലെ തൊഴിലാളികൾക്കാണ് ജസ്റ്റിൻ ട്രൂഡോ സർക്കാർ വാക്സിൻ നിർബന്ധമാക്കിയത്. വാക്സിൻ സ്വീകരിക്കാത്ത കനേഡിയൻ ഡ്രൈവർമാർ അതിർത്തി കടന്നെത്തിയാൽ ഒരാഴ്ച ക്വാറന്റീനിലിരിക്കണമെന്നും വ്യവസ്ഥയുമുണ്ട്. ഇതിനെതിരെയാണ് പ്രതിഷേധം.
കുട്ടികളും വയോധികരുമെല്ലാം പ്രതിഷേധത്തിൽ അണിനിരന്നിട്ടുണ്ട്. ചിലർ പ്രതിഷേധവുമായി കാനഡയുടെ യുദ്ധസ്മാരകത്തിലേക്കുമെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി യുദ്ധസ്മാരകത്തിൽ ഡാൻസ് ചെയ്തവർക്കെതിരെ രാജ്യത്തിന്റെ സൈനികതലവൻ ജനറൽ വെയ്ൻ അയ്റയും പ്രതിരോധ മന്ത്രി അനിത ആനന്ദും രംഗത്തെത്തി.
നൂറുക്കണക്കിന് പ്രതിഷേധക്കാർ തലസ്ഥാന നഗരത്തിലെത്തിയതോടെ പൊലീസ് കനത്ത ജാഗ്രതയിലാണ്. അതിശൈത്യമുണ്ടാവുമെന്ന മുന്നറിയിപ്പിനിടയിലും കൂടുതൽ ആളുകൾ പ്രതിഷേധിക്കാനായി തലസ്ഥാനത്തേക്ക് എത്തുന്നുണ്ട്. 10,000ത്തോളം പേർ പ്രതിഷേധത്തിനായി എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.