ട്രംപ് അനുകൂലികളുടെ കാപിറ്റോൾ കടന്നുകയറ്റം: ഞെട്ടിയും അപലപിച്ചും ലോകനേതാക്കൾ
text_fieldsലോകത്തെവിടെയും നടക്കുന്ന ചെറിയ സംഭവങ്ങളിലും വലിയ പ്രതിഷേധവുമായി സജീവമാകാറുള്ള യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ അനുയായികൾ അമേരിക്കൻ ഭരണസിര കേന്ദ്രമായ കാപിറ്റോൾ കെട്ടിടത്തിൽ നടത്തിയ അതിക്രമങ്ങളിൽ ഞെട്ടലും പ്രതിഷേധവുമായി ലോകം. യു.എസ് പ്രസിഡൻറായി ഡെമോക്രാറ്റ് പ്രതിനിധി ജോ ബൈഡെൻറ ജയത്തിന് അംഗീകാരം നൽകാൻ കോൺഗ്രസ് സംയുക്ത സമ്മേളനം ചേരാനിരിക്കെയായിരുന്നു അമേരിക്കയെ മുൾമുനയിലാക്കിയ അതിക്രമം.
ലോകം മുഴുക്കെ ജനാധിപത്യത്തിന് നിലകൊള്ളുന്ന അമേരിക്കയിൽ സമാധാനപരവും കൃത്യവുമായ അധികാര കൈമാറ്റം നടക്കേണ്ടതുണ്ടെന്ന് സംഭവത്തെ അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഞെട്ടിപ്പിക്കുന്നതാണ് സംഭവമെന്ന് സ്കോട്ലൻഡ് നേതാവ് നികൊള സ്റ്റർഗ്യൺ പറഞ്ഞു.
പ്രതിസന്ധി സാഹചര്യം കടന്ന് അമേരിക്കൻ ജനതയെ ഏകോപിപ്പിച്ച് മുന്നോട്ടുപോകാൻ ആകട്ടെയെന്ന് സ്പാനിഷ് പ്രധാനമന്ത്രി പറഞ്ഞു. ജനാധിപത്യത്തിനെതിരായ ആക്രമണമാണിതെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി ഴാങ് യുവസ് ലെ ഡ്രിയൻ കുറ്റപ്പെടുത്തി.തെരഞ്ഞെടുപ്പിലെ ജനവിധി ആരായാലും മാനിക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ് ആവശ്യപ്പെട്ടു.
'ജനത്തിെൻറ വോട്ടുചെയ്യൽ മുതലുള്ള അവകാശങ്ങൾ ഹനിക്കാൻ ആൾക്കുട്ടത്തിന് അധികാരമില്ലെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ പറഞ്ഞു. ഞെട്ടിപ്പിക്കുന്ന കാഴ്ചകളാണ് അരങ്ങേറിയതെന്നും സമാധാനപരമായി അധികാര കൈമാറ്റം നടക്കേണ്ടതുണ്ടെന്നുമായിരുന്നു ആസ്ട്രേലിയ പ്രധാനമന്ത്രി സ്കോട്ട് മോറിസണിെൻറ പ്രതികരണം.
തുർക്കി, വെനസ്വേല, അർജൻറീന, ചീലി, ജപ്പാൻ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളും പ്രതികരണവുമായി രംഗത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.