സർപ്പദ്വീപിൽ റഷ്യൻ പടയെ വെല്ലുവിളിച്ച ആ 13 യുക്രെയ്ൻ സൈനികർ ജീവനോടെയുണ്ട്
text_fieldsകരിങ്കടലിൽ യുക്രെയ്ന്‍റെ അധീനതയിലുണ്ടായിരുന്ന സർപ്പദ്വീപിൽ (സ്നേക്ക് ഐലൻഡ്) റഷ്യൻ പടയെ കൂസാതെ പൊരുതിനിന്ന 13 യുക്രെയ്നിയൻ സൈനികർ കൊല്ലപ്പെട്ടെന്നായിരുന്നു ഇതുവരെയുണ്ടായിരുന്ന റിപ്പോർട്ടുകൾ. കീഴടങ്ങാനുള്ള റഷ്യൻ സേനയുടെ നിർദേശം അവഗണിച്ചുകൊണ്ട് പോരാടിയ സൈനികരുടെ ധീരതയെ ഏവരും പ്രകീർത്തിച്ചിരുന്നു. എന്നാൽ, കൊല്ലപ്പെട്ടെന്നു കരുതിയ സൈനികർ ജീവനോടെയുണ്ടെന്ന സ്ഥിരീകരണമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
യുക്രെയ്ൻ നാവികസേനയാണ് സർപ്പദ്വീപിലെ 13 സൈനികരും റഷ്യൻ സൈന്യത്തിന്‍റെ പിടിയിൽ ജീവനോടെയുണ്ടെന്ന വിവരം പ്രസ്താവനയിൽ അറിയിച്ചത്. 'ഞങ്ങളുടെ സഹോദരന്മാർ ജീവനോടെയുണ്ടെന്ന് അറിയാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. റഷ്യൻ അധിനിവേശം തടയാൻ ശ്രമിച്ചെങ്കിലും ദ്വീപിനെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ അധികം പിടിച്ചുനിൽക്കാൻ ഇവർക്ക് കഴിഞ്ഞിരുന്നില്ല' -പ്രസ്താവനയിൽ യുക്രെയ്ൻ നാവികസേന അറിയിച്ചു.
റഷ്യൻ സൈന്യം ദ്വീപ് ആക്രമിച്ച് സൈനിക കേന്ദ്രം തകർത്തിരുന്നു. ദ്വീപുമായുള്ള ആശയവിനിമയവും നഷ്ടമായിരുന്നു. സൈനികരോട് കീഴടങ്ങാൻ ആവശ്യപ്പെടുന്നതും എന്നാൽ അതിന് തങ്ങൾ തയ്യാറല്ല എന്ന് തിരിച്ച് മറുപടി നൽകുന്നതിന്റേയും ശബ്ദരേഖ പുറത്തുവന്നിരുന്നു. 'ഇത് റഷ്യൻ സൈന്യമാണ്. നിങ്ങളുടെ ആയുധങ്ങൾ താഴെവെച്ച് മുട്ട് മടക്കി കീഴടങ്ങാൻ ആവശ്യപ്പെടുന്നു. അങ്ങനെ അല്ലെങ്കിൽ വെടിവെക്കേണ്ടി വരും' എന്ന റഷ്യൻ സൈന്യത്തിന്റെ അറിയിപ്പിന് രൂക്ഷമായ ഭാഷയിലാണ് യുക്രെയ്ൻ സൈനികർ മറുപടി നൽകുന്നത്. തുടർന്ന് റഷ്യൻ സൈന്യം തുരുതുരാ വെടിയുതിർക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.