ചരക്ക് കപ്പലിടിച്ച് പാലം തകർന്ന സംഭവം: കാണാതായവർ മരിച്ചതായി സംശയം
text_fieldsബാൾട്ടിമോർ: അമേരിക്കയിലെ മേരിലാൻഡിൽ ചരക്ക് കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ ഇരുമ്പ്പാലം തകർന്ന സംഭവത്തിൽ വെള്ളത്തിൽ വീണ് കാണാതായ ആറുപേർ മരിച്ചതായി സംശയം. പാലത്തിൽ അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരുന്നവരാണ് ഇവർ. എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ളവരാണിവർ.
കാണാതായവരിൽ ഒരാൾ എൽസാൽവദോർ സ്വദേശിയായ മിഗ്വേൽ ലൂനയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മേരിലാൻഡ് സംസ്ഥാനത്തെ പാലങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന പ്രാദേശിക കരാറുകാരായ ബ്രൗണർ ബിൽഡേഴ്‌സ് എന്ന സ്ഥാപനത്തിലെ തൊഴിലാളികളാണിവർ.
ഏറെ തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ലെന്നും ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നും യു.എസ് തീരസംരക്ഷണസേന റിയർ അഡ്മിറൽ ഷാനൻ ഗിൽറെത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു. വെള്ളത്തിലെ കുറഞ്ഞ താപനിലയും ഒഴുക്കുംമൂലം മുങ്ങൽ വിദഗ്ധർക്ക് വെള്ളത്തിനടിയിൽ കൂടുതൽനേരം നിൽക്കാൻ ബുദ്ധിമുട്ടായതിനാൽ രക്ഷാപ്രവർത്തനം നിർത്തിവെച്ചതായും തെരച്ചിൽ തുടരുന്നതായും അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ച 1.30നാണ് അപകടമുണ്ടായത്. ബാൾട്ടിമോർ തുറമുഖത്തുനിന്ന് കൊളംബോയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലാണ് പാലത്തിലിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.