ജപ്പാനും ദക്ഷിണ കൊറിയക്കും ഇടയിൽ ചരക്ക് കപ്പൽ മുങ്ങി; എട്ട് ജീവനക്കാരെ കാണാതായി
text_fieldsടോക്കിയോ: ജപ്പാൻ, ദക്ഷിണ കൊറിയ രാജ്യങ്ങൾക്കിടയിൽ ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് എട്ട് ജീവനക്കാരെ കാണാതായി. 14 പേരെ ജപ്പാന്‍റെയും ദക്ഷിണ കൊറിയയുടെയും തീരസംരക്ഷണസേനകൾ രക്ഷപ്പെടുത്തി. എട്ട് ജീവനക്കാർക്കായി തിരച്ചിൽ തുടരുന്നതായി ജാപ്പനീസ് തീരസംരക്ഷണസേന അറിയിച്ചു.
രക്ഷപ്പെട്ട 11 പേർ അബോധാവസ്ഥയിലാണെന്നും ജീവനക്കാരെ ജപ്പാനിലെ തെക്കുപടിഞ്ഞാറൻ നാഗസാക്കിയിലേക്ക് കൊണ്ടുപോയതായും സേന അറിയിച്ചു.
ജീവനക്കാരെ രക്ഷിക്കാൻ പ്രദേശത്തുണ്ടായിരുന്ന മൂന്ന് സ്വകാര്യ കപ്പലുകളാണ് സഹായിച്ചത്. ജാപ്പനീസ് തീരസംരക്ഷണസേനയുടെ വിമാനവും രണ്ട് കപ്പലുകളും സംഭവസ്ഥലത്തെത്തി. കൂടുതൽ ജാപ്പനീസ്, ദക്ഷിണ കൊറിയൻ കപ്പലുകൾ അപകട സ്ഥലത്തേക്കുള്ള യാത്രയിലാണെന്ന് അധികൃതർ പറഞ്ഞു. കപ്പൽ ജീവനക്കാരിൽ 14 ചൈനീസ് പൗരന്മാരും മ്യാൻമറിൽ നിന്നുള്ള എട്ട് പേരും ഉണ്ടായിരുന്നതായി ജാപ്പനീസ് തീരസംരക്ഷണ സേന അറിയിച്ചു.
ഏഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും തണുപ്പ് അനുഭവപ്പെടുന്ന സമയത്താണ് അപകടം നടന്നത്. രക്ഷാപ്രവർത്തന സ്ഥലത്തിന് സമീപമുള്ള ജാപ്പനീസ് ദ്വീപുകളിൽ പകൽ താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
2020ൽ 43 ജീവനക്കാരും 6,000 കന്നുകാലികളുമുള്ള ഒരു ചരക്ക് കപ്പൽ ചുഴലിക്കാറ്റിൽ കുടുങ്ങി തെക്കുപടിഞ്ഞാറൻ ജപ്പാനിൽ മുങ്ങിയിരുന്നു. അപകടത്തിൽ രണ്ട് ജീവനക്കാർ രക്ഷപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.