പാക് പ്രധാനമന്ത്രിക്കെതിരെ മദീനയിൽ നടന്ന പ്രതിഷേധത്തിൽ ഇംറാൻ ഖാനെതിരെ കേസ്
text_fieldsലാഹോർ: സൗദി അറേബ്യയിലെ മസ്ജിദുന്നബവിയിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫിനും സംഘത്തിനുമെതിരെ പ്രതിഷേധ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനും 150 പേർക്കുമെതിരെ കേസ്. പാകിസ്താനിലെ പഞ്ചാബ് പൊലീസാണ് കേസെടുത്തത്. ഷെഹ്ബാസ് ശരീഫും അനുയായികളും പള്ളിയിലെത്തിയപ്പോൾ ഇംറാൻ ഖാൻ അനുകൂലികൾ കള്ളനെന്നും രാജ്യദ്രോഹിയെന്നും വിളിച്ച് പ്രധാനമന്ത്രിക്കെതിരെ ആക്രോശിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച പുറത്ത് വന്നിരുന്നു. മുദ്രാവാക്യം വിളിച്ച അഞ്ച് പാകിസ്താനികളെ അറസ്റ്റ് ചെയ്തതായി മദീന പൊലീസ് അറിയിച്ചു.
ഇംറാൻ ഖാന് പുറമേ മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന ഫവാദ് ചൗധരി, ഷെയ്ഖ് റഷീദ്, പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ഷഹബാസ് ഗുൽ എന്നിവരുൾപ്പെടെ 150 പേർക്കെതിരെയാണണ് പഞ്ചാബ് പൊലീസ് കേസെടുത്തത്. ഫൈസലാബാദിലെ നയീം ഭാട്ടിയെന്നയാളുടെ പരാതിയിൽ മദീനയിലെ പ്രവാചകന്‍റെ പള്ളി അവഹേളിക്കുക, ഗുണ്ടായിസം, മുസ്ലിംകളുടെ വികാരം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഷെഹബാസ് ശരീഫിനെയും അദ്ദേഹത്തിന്‍റെ അനുയായികളെയും മദീനയിൽ വെച്ച് അപമാനിക്കുന്നതിനായി ഇംറാൻ ഖാൻ നൂറിലധികം അണികളെ പാകിസ്താനിൽ നിന്നും യു.കെയിൽ നിന്നും സൗദി അറേബ്യയിലേക്ക് അയച്ചതായി എഫ്.ഐ.ആറിൽ പറയുന്നു.
എന്നാൽ മദീനയിൽ ഷെഹബാസ് ശരീഫിനെതിരെ നടന്ന പ്രതിഷേധത്തെ എതിർത്ത് ഇംറാൻ ഖാൻ രംഗത്തെത്തി. വിശുദ്ധ സ്ഥലത്ത് മുദ്രാവാക്യം വിളിക്കാൻ ആവശ്യപ്പെടുകയെന്നത് തനിക്ക് ചിന്തിക്കാൻ പോലും കഴിയാത്തതാണെന്ന് ഇംറാൻ ഖാൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.