കമ്പനി വിവരങ്ങൾ ചോർത്തി ഓഹരി തട്ടിപ്പ്; ഏഴ് ഇന്ത്യക്കാർക്കെതിരെ യു.എസിൽ കേസ്
text_fieldsവാഷിങ്ടൺ: സോഫ്റ്റ്വെയർ കമ്പനിയുടെ ഓഹരി രഹസ്യങ്ങൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ചോർത്തി നൽകി കോടികൾ സമ്പാദിച്ച ഏഴ് ഇന്ത്യക്കാരായ ജീവനക്കാർക്കെതിരെ അമേരിക്കയിൽ കേസെടുത്തു. കമ്പനിയുടെ ഓഹരിമൂല്യം വർധിക്കുമെന്ന വിവരം മുൻകൂട്ടി അറിഞ്ഞ് നടത്തുന്ന 'ഇൻസൈഡർ ട്രേഡിങ്' ഗുരുതര കുറ്റമാണ്. ഏഴര കോടിയോളം രൂപയാണ് ഇങ്ങനെ ഇവർ സമ്പാദിച്ചത്.
സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിങ് വിവര വിനിമയ കമ്പനിയായ 'ട്വിലിയോ'യുടെ സേഫ്റ്റ്വെയർ എൻജിനീയർമാരായ ഹരിപ്രസാദ് സുരേ (34), ലോകേഷ് ലഗുഡു (31), ചോട്ടു പ്രഭു തേജ് പുളഗം (29) എന്നീ സുഹൃത്തുക്കളാണ് തട്ടിപ്പിന് നേതൃത്വം നൽകിയത്.
ഹരിപ്രസാദ് സുരേ സുഹൃത്ത് ദിലീപ് കുമാർ റെഡ്ഡി കമുജുലക്കാണ് വിവരങ്ങൾ ചോർത്തി നൽകിയത്. ഇതേത്തുടർന്ന് കമുജുല ട്വിലിയോയുടെ ഓഹരികളിൽ ട്രേഡിങ് നടത്തി നേട്ടമുണ്ടാക്കി. ലോകേഷ് ലഗുഡു കാമുകി സായി നേക്കൽപുടിക്കും സുഹൃത്ത് അഭിഷേക് ധർമപുരികറിനും, തേജ് പുളഗം തന്റെ സഹോദരൻ ചേതന് പ്രഭുവിനും വിവരങ്ങൾ ചോർത്തി നൽകി കോടികൾ സമ്പാദിച്ചു. ഇവരെല്ലാം കലിഫോർണിയയിലാണ് താമസം.
2020 മാർച്ചിൽ കോവിഡിന്റെ തുടക്കത്തിൽ ഡിജിറ്റൽ കമ്യൂണിക്കേഷൻ കമ്പനിയായ ട്വിലിയോയുടെ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിലുണ്ടായ വർധനയെ തുടർന്ന് ഓഹരി മൂല്യം വർധിക്കുമെന്ന വിവരം മുൻകൂട്ടി അറിഞ്ഞ എൻജിനീയർമാർ സുഹൃത്തുക്കൾക്ക് ചോർത്തി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.