വാരാന്ത്യത്തിൽ മതിമറന്നുറങ്ങൂ; ഹൃദ്രോഗ സാധ്യത കുറക്കൂ
text_fieldsലണ്ടൻ: ഉറക്കം താളംതെറ്റിക്കുന്ന ആധുനിക ജീവിതശൈലിയും ഹൃദ്രോഗവും ഉറ്റ സുഹൃത്തുക്കളായി മാറിയ കാലത്ത് ഹൃദ്രോഗ സാധ്യത കുറക്കാനുള്ള ‘മരുന്നി’നെക്കുറിച്ചുള്ള പഠനവുമായി ഒരു സംഘം. വാരാന്ത്യങ്ങളിൽ ഏറ്റവും കൂടുതൽ ഉറങ്ങുന്നവർക്ക് ഹൃദ്രോഗ സാധ്യത 20% കുറവാണെന്ന് യു.കെ ബയോബാങ്ക് 90,000ലധികം വ്യക്തികളിൽ നടത്തിയ പഠനം കാണിക്കുന്നു. ജോലി കാരണമോ സ്കൂൾ ദിവസങ്ങളിലോ ഉറക്കക്കുറവ് അനുഭവിക്കുന്നവർ ആ നഷ്ടം പരിഹരിക്കാൻ വാരാന്ത്യങ്ങളിൽ ഉറങ്ങുകയാണെങ്കിൽ ഹൃദയാരോഗ്യം താരതമ്യേന മെച്ചപ്പെടുമെന്നാണ് ഇതു നൽകുന്ന സൂചന.
‘മതിയായ നഷ്ടപരിഹാരം നൽകുന്ന ഉറക്കം ഹൃദ്രോഗസാധ്യത കുറക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തിൽ പങ്കാളിത്തം വഹിച്ച ചൈനയിലെ ബീജിംഗിലെ നാഷനൽ സെന്‍റർ ഫോർ കാർഡിയോവാസ്‌കുലാർ ഡിസീസിലെ യഞ്ജുൻ സോങ് പറഞ്ഞു. പ്രവൃത്തി ദിവസങ്ങളിൽ പതിവായി ഉറക്കക്കുറവ് അനുഭവിക്കുന്ന വ്യക്തികൾക്ക് ഇത് കൂടുതൽ ഫലപ്രാപ്തിയുണ്ടാക്കും.
ഉറക്കക്കുറവ് അനുഭവിക്കുന്ന ആളുകൾ അതിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ അവധി ദിവസങ്ങളിൽ ഉറങ്ങുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ, ഈ നഷ്ടപരിഹാര ഉറക്കം ഹൃദയാരോഗ്യത്തെ സഹായിക്കുമോ എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങൾ നടന്നിട്ടില്ലായിരുന്നു.
യു.കെ ബയോബാങ്ക് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്ന 90,903 പേരിൽനിന്നുള്ള ഡേറ്റ പഠനത്തിനായി ഉപയോഗിച്ചു. കൂടാതെ വാരാന്ത്യ ഉറക്കവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം വിലയിരുത്തുന്നതിന് സ്ലീപ്പ് ഡേറ്റ ആക്സിലറോമീറ്ററുകൾ ഉപയോഗിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.