വെടിനിർത്തൽ കരാർ ഹമാസിന് മുന്നിൽ തോൽവി സമ്മതിക്കൽ, അപമാനകരം -ഇസ്രായേൽ മന്ത്രി
text_fieldsതെൽഅവീവ്: യു.എസ് തയാറാക്കിയ വെടിനിര്‍ത്തല്‍ കരാറിന്റെ തുടർചർച്ച നടക്കാനിരിക്കെ, കടുത്ത വിമർശനവുമായി ഇസ്രായേൽ ധനമന്ത്രിയും തീവ്ര വലതുപക്ഷക്കാരനുമായ ബെസാലെൽ സ്മോട്രിച്ച്. ഹമാസുമായുള്ള ഏതൊരു കരാറും ഇസ്രായേലിന് തോൽവിയും അപമാനവും ആയിരിക്കുമെന്ന് ഇസ്രായേൽ പാർലമെന്റിലെ ചർച്ചക്കിടെ മന്ത്രി പറഞ്ഞു.
“ഞങ്ങൾ ഹമാസിന് കീഴടങ്ങുന്ന കരാറിന്റെ ഭാഗമാകില്ല. ഈ കരാർ ഇസ്രായേലിന് തോൽവിയും അപമാനവും (ഹമാസ് നേതാവ്) യഹ്‌യ സിൻവാറിന്റെ വിജയവുമാണ്” -മന്ത്രി പറഞ്ഞു. ഈ കരാറിൽ ഉൾപ്പെടാത്ത 90 ബന്ദികളെ കൊലപ്പെടുത്താൻ ഇത് വഴിയൊരുക്കുമെന്ന് സ്മോട്രിച്ച് ആരോപിച്ചു. ആയിരങ്ങൾ കൊല്ലപ്പെടുന്ന അടുത്ത കൂട്ടക്കൊലക്കും കരാർ ഇടയാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം ഹമാസും ഇസ്രായേലും മധ്യസ്ഥർ മുഖേന വെടിനിർത്തൽ കരാറിന്റെ പ്രാരംഭ ചര്‍ച്ച നടന്നിരുന്നു. ഇതിന്റെ തുടർചർച്ച ഈജിപ്തിലെ കെയ്റോയിലാണ് നടക്കുക. ഇതിനായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റിന്റെ തലവൻ കെയ്റോയിലേക്ക് പോകാനിരിക്കവേയാണ് സ്മോട്രിച്ചിന്റെ പ്രസ്താവന. ഇസ്രായേൽ ആദ്യഘട്ടത്തിൽ തന്നെ സമ്പൂർണവെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും എന്നാൽ മാത്രമേ വെടിനിർത്തൽ ചർച്ചകൾക്ക് സന്നദ്ധമാകൂ എന്നുമുള്ള നിലപാടിൽ നിന്ന് ഹമാസ് അയവുവരുത്തിയിരുന്നു. ആദ്യഘട്ടമായ ആറാഴ്ച ഏതാനും ബന്ദികളെ വിട്ടയക്കുമെന്നാണ് ഹമാസ് അറിയിച്ചത്. സ്ത്രീകളെയും മുതിർന്നവരെയും കുട്ടികളെയും പരിക്കേറ്റവരെയുമാണ് മോചിപ്പിക്കുക. പകരം നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ ഇസ്രായേലും കൈമാറും. ഈ ഘട്ടത്തിൽ ഗസ്സയിലെ പട്ടണങ്ങളിൽനിന്ന് ഇസ്രായേൽ സേന പിന്മാറും. മാത്രമല്ല, പലായനം ചെയ്തവരെ ഉത്തര ഗസ്സയിലേക്ക് തിരിച്ചുവരാനും അനുവദിക്കും.
ഇക്കാലയളവിൽ തുടർവെടിനിർത്തൽ ചർച്ചകൾ നടത്തും. ചർച്ച വിജയിച്ചാൽ, രണ്ടാം ഘട്ടത്തിൽ സൈനികരും സാധാരണക്കാരുമായ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കും. പകരം കൂടുതൽ ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കും. മൂന്നാം ഘട്ടത്തിൽ ബന്ദികളുടെ മൃതദേഹങ്ങളും സൈനികരടക്കം അവശേഷിക്കുന്ന ബന്ദികളെയും തിരികെ കൊണ്ടുവരുകയും വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഗസ്സ പുനർനിർമാണ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്യും.
ഫലസ്തീനെതിരായ ആക്രമണം പൂർണമായും അവസാനിപ്പിക്കുമെന്ന ഇസ്രായേലിന്റെ ഉറപ്പ് രേഖാമൂലം നൽകണമെന്നാണ് ഹമാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്. ഹമാസിനെ പൂർണമായും ഇല്ലാതാക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.