വെടിനിർത്തൽ വ്യാപിപ്പിച്ചു; ചെർണോബിലിൽ ആശങ്ക
text_fieldsകിയവ്: റഷ്യൻ അധിനിവേശം രണ്ടാഴ്ച കടക്കവെ വിവിധ യുക്രെയ്ൻ നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ. ആക്രമണം കൂടുതൽ നാശം വിതച്ച മരിയുപോൾ ഉൾപ്പെടെ ആറു നഗരങ്ങളിലാണ് ബുധനാഴ്ച 12 മണിക്കൂർ വെടിനിർത്തലിന് റഷ്യ സമ്മതിച്ചത്. ചൊവ്വാഴ്ച ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ച കിഴക്കൻ നഗരമായ സുമിയിലും വെടിനിർത്തൽ ബാധകമായിരുന്നു. ഇവിടെനിന്ന് ചൊവ്വാഴ്ചമാത്രം 7,000ത്തിലേറെ പേരെ സുരക്ഷിത സ്ഥലത്തേക്ക് 'ഇടനാഴി' വഴി മാറ്റിയിരുന്നു.
ഇതിനുപുറമേ, എനർഹദർ, ഐസിയം പട്ടണങ്ങളിലും കിയവിനടുത്തുള്ള ചില ജനവാസ പ്രദേശങ്ങളിലും നിന്ന് സിവിലിയൻമാരെ ഒഴിപ്പിക്കുന്നതായി ഉപപ്രധാനമന്ത്രി ഐറിന വെറഷ്ചുക് വ്യക്തമാക്കി. ഇർപിൻ, ബുക, ഹോസ്റ്റോമൽ തുടങ്ങിയിടങ്ങളിൽനിന്ന് കൂടുതൽ പേരെ ഒഴിപ്പിക്കാമെന്നും പ്രതീക്ഷിക്കുന്നു. സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റഷ്യൻ, യുക്രെയ്ൻ വിദേശകാര്യമന്ത്രിമാർ വ്യാഴാഴ്ച തുർക്കിയിൽ ചർച്ച നടത്തും.
അതിനിടെ, തങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച ഉപരോധങ്ങളെ സാമ്പത്തിക യുദ്ധ പ്രഖ്യാപനമായാണ് കണക്കാക്കുന്നതെന്ന് റഷ്യ പ്രതികരിച്ചു. എണ്ണക്കും വാതകത്തിനും നിരോധനം ഏർപ്പെടുത്തിയ നടപടി സൂക്ഷ്മമായി വിലയിരുത്തി മറുപടി നൽകുമെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. റഷ്യൻ നിയന്ത്രണത്തിലുള്ള ചെർണോബിൽ ആണവ നിലയത്തിൽനിന്ന് വികിരണ സാധ്യതയുണ്ടെന്ന് യുക്രെയ്ൻ മുന്നറിയിപ്പ് നൽകി.
അധിനിവേശത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ റഷ്യ പിടിച്ചെടുത്ത ആണവ നിലയത്തിലെ വൈദ്യുതിബന്ധം നിലച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ഇവിടെ അറ്റകുറ്റപ്പണികൾക്കായി വെടിനിർത്താൻ ലോകരാജ്യങ്ങൾ റഷ്യയോട് ആവശ്യപ്പെടണമെന്ന് യുക്രെയ്ൻ വിദേശകാര്യമന്ത്രി ദിമിത്രി കുലേബ പ്രസ്താവിച്ചു.
വിവിധ നഗരങ്ങളിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണം തുടരുകയാണ്. കിയവിന് നേർക്കുള്ള നീക്കം കഴിഞ്ഞ മണിക്കൂറുകളിൽ കടുപ്പിച്ചതായി സൂചനയുണ്ട്. കിയവിന്റെ പ്രാന്തത്തിലുള്ള അന്റോണോവ് വിമാനത്താവളത്തിന് സമീപം പൊരിഞ്ഞ പോരാട്ടം നടക്കുകയാണെന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നഗരത്തിന് നേർക്ക് ആക്രമണം തുടരുകയാണ്. റഷ്യൻ വ്യോമസേനക്ക് യുക്രെയ്നുമേൽ നിയന്ത്രണം (വ്യോമ നിരോധിത മേഖല) ഏർപ്പെടുത്തണമെന്ന ആവശ്യം പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി വീണ്ടും ഉന്നയിച്ചു. വ്യോമ നിരോധിത മേഖല നടപ്പാക്കുന്നില്ലെങ്കിൽ യുക്രെയ്ന് സംഭവിക്കുന്ന മാനുഷിക ദുരന്തത്തിന് അന്താരാഷ്ട്ര സമൂഹം ഉത്തരവാദികളായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാറ്റോ അംഗത്വത്തിന് ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും സെലൻസ്കി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.