വെടിനിർത്തൽ: ഹമാസും ഇസ്രായേലും വിട്ടുവീഴ്ചക്ക്; മൂന്നുഘട്ട വെടിനിർത്തലിലേക്ക് അടുക്കുന്നുവെന്ന് റിപ്പോർട്ട്
text_fieldsഗസ്സ: ഗസ്സ വെടിനിർത്തൽ-ബന്ദിമോചന ചർച്ച ഈജിപ്തിൽ പുരോഗമിക്കുന്നതിനിടെ ഹമാസും ഇസ്രായേലും മുൻ നിലപാടുകളിൽ നിന്ന് വിട്ടുവീഴ്ചക്ക് തയാറായതായി അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. മൂന്നുഘട്ട വെടിനിർത്തൽ നിർദേശമാണ് മുന്നിലുള്ളത്. 40 ദിവസം നീളുന്ന ആദ്യഘട്ടത്തിൽ ഹമാസ് വനിത, സിവിലിയൻ ബന്ദികളെ മോചിപ്പിക്കും.
ഈ ഘട്ടത്തിൽ ഗസ്സയിലെ തീര റോഡിൽനിന്ന് ഇസ്രായേൽ സൈന്യം പിന്മാറും. ഇത് മാനുഷിക സഹായം എത്തിക്കുന്നതിന് സഹായകമാകും. അഭയാർഥികളായ ഫലസ്‍തീനികളെ വടക്കൻ ഗസ്സയിലെ വീടുകളിലേക്ക് തിരിച്ചുവരാനും ഈ ഘട്ടത്തിൽ അനുവദിക്കും.
ജീവിച്ചിരിക്കുന്ന ബന്ദികളുടെ പട്ടിക ഈ കാലയളവിൽ ഹമാസ് ഇസ്രായേലിന് കൈമാറും. സ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ മൂന്നാഴ്ചക്കുള്ളിൽ ഇരുപക്ഷവും ഇടനിലക്കാർ മുഖേന ചർച്ച ആരംഭിക്കും. ഈ സമയം സെൻട്രൽ ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കും. ആറാഴ്ച നീളുന്ന രണ്ടാംഘട്ടത്തിൽ സ്ഥിരം വെടിനിർത്തലുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉറപ്പിക്കും.
രണ്ടാംഘട്ടത്തിൽ ബാക്കി ബന്ദികളെയും ഇസ്രായേലി ജയിലിലുള്ള കൂടുതൽ ഫലസ്തീനികളെയും മോചിപ്പിക്കും. ഗസ്സയിൽനിന്ന് സേനാ പിന്മാറ്റവും ഊർജിതമാക്കും. മൂന്നാംഘട്ടത്തിൽ ഹമാസ് ഇസ്രായേൽ പൗരന്മാരുടെ മൃതദേഹാവശിഷ്ടം കൈമാറും. അഞ്ചു വർഷം നീളുന്ന ഗസ്സ പുനർനിർമാണവും ഈ ഘട്ടത്തിൽ ആരംഭിക്കും.
ചോർന്നുകിട്ടിയതെന്ന് അവകാശപ്പെട്ട് എ.പി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യങ്ങൾ. ഹമാസും ഇസ്രായേൽ അധികൃതരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് യുദ്ധം അവസാനിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം ഇടക്കിടെ ഭീഷണിയും പ്രസ്താവനകളുമായി വരുന്നത് ചർച്ച തടസ്സപ്പെടുത്താനാണെന്നും മുതിർന്ന ഹമാസ് നേതാവ് ഹുസ്സാം ബദ്റൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.