വെടിനിർത്തൽ ചർച്ച: ഹമാസ് സംഘം മടങ്ങി
text_fieldsകൈറോ: ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭം ഫ്രാൻസിലേക്കും പടരുന്നതിനിടെ കൈറോയിൽ തിരക്കിട്ട ചർച്ചകൾ. ഇസ്രായേൽ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശങ്ങൾ മധ്യസ്ഥരായ ഈജിപ്ത് പ്രതിനിധികളുമായി ചർച്ച ചെയ്യാനെത്തിയ ഹമാസ് പ്രതിനിധി സംഘം മടങ്ങി. ബുധനാഴ്ചക്കകം മറുപടി രേഖാമൂലം അറിയിക്കണമെന്നാണ് ഇസ്രായേൽ നിർദേശം. അല്ലെങ്കിൽ ചർച്ചക്ക് പ്രതിനിധി സംഘത്തെ അയക്കില്ല. മറുപടിയുമായി ഹമാസ് സംഘം വീണ്ടും കൈറോയിൽ എത്തിയേക്കുമെന്നാണ് സൂചന. 30-40 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി തടവറകളിലുള്ള ഫലസ്തീനികളെ വിട്ടയക്കാമെന്നും 40 ദിവസത്തെ വെടിനിർത്തൽ ആകാമെന്നുമാണ് ഇസ്രായേൽ മുന്നോട്ടുവെക്കുന്നത്. അതേസമയം, വെടിനിർത്തൽ ഉണ്ടായാലും ഇല്ലെങ്കിലും റഫയിൽ ആക്രമണം നടത്തുമെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വീണ്ടും ഭീഷണി മുഴക്കി.
●ഇസ്രായേലിന്റെ വെടിനിർത്തൽ നിർദേശങ്ങൾ അംഗീകരിക്കുന്നില്ലെന്ന് തീവ്ര വലതുപക്ഷ മന്ത്രി ബെസലേൽ സ്മോട്രിച്.
●ഗസ്സ ജനതക്കും വെടിനിർത്തലിനുമിടയിലെ ഏക തടസ്സം ഹമാസാണെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ. റഫ ആക്രമണത്തിന് മുമ്പുള്ള അവസാന അവസരമാണിതെന്നും ഭീഷണി.
●വെടിനിർത്തൽ നിർദേശങ്ങൾ ഹമാസ് അംഗീകരിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൺ.
●റഫയിൽ ഇസ്രായേൽ നടത്താനുദ്ദേശിക്കുന്ന ആക്രമണം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ പാലിച്ചായിരിക്കുമെന്ന് കരുതുന്നില്ലെന്ന് യു.കെ വിദേശകാര്യ ഉപ സെക്രട്ടറി ആൻഡ്രു മിച്ചൽ.
●പരസ്പരം സഹകരിച്ച് പ്രവർത്തിക്കുന്നത് സംബന്ധിച്ച് ഹമാസ്- ഫതഹ് പ്രതിനിധികൾ തമ്മിൽ ചൈനീസ് തലസ്ഥാനമായ ബീജിങ്ങിൽ ചർച്ച. ആശാവഹമായ പുരോഗതിയെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ.
●ജറൂസലമിൽ ഇസ്രായേൽ പൊലീസ് ഓഫിസർക്ക് കത്തിക്കുത്തിൽ പരിക്കേറ്റു. പ്രതിയെന്ന് കരുതുന്ന തുർക്കി വിനോദസഞ്ചാരിയെ വെടിവെച്ചുകൊന്നു
●കൊളംബിയ സർവകലാശാലയിലെ ഹാമിൾട്ടൺ ഹാൾ പിടിച്ചെടുത്ത് വിദ്യാർഥി സംഘം. ഹാളിന് ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനി ബാലിക ‘ഹിന്ദ് റജബി’ന്റെ പേര് നൽകി.
● പാരിസിലെ സയൻസസ് പോ സർവകലാശാലയിലും സോർബോൺ സർവകലാശാലയിലും ഫലസ്തീൻ പതാക ഉയർത്തി പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.