Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപിടിച്ചുനിൽക്കാനാവാതെ...

പിടിച്ചുനിൽക്കാനാവാതെ സർക്കാർ സൈന്യം പിൻവാങ്ങി; രക്തച്ചൊരിച്ചിലില്ലാതെ ഭരണം പിടിച്ചെടുത്ത് പ്രതിപക്ഷ സേന

text_fields
bookmark_border
പിടിച്ചുനിൽക്കാനാവാതെ സർക്കാർ സൈന്യം പിൻവാങ്ങി; രക്തച്ചൊരിച്ചിലില്ലാതെ ഭരണം പിടിച്ചെടുത്ത് പ്രതിപക്ഷ സേന
cancel

ഡമസ്കസ്: സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനെ പുറത്താക്കി പ്രതിപക്ഷ സേനയായ ഹയാത് തഹ്‍രീർ അൽ ശാം (എച്ച്.ടി.എസ്) ഭരണം പിടിച്ചെടുത്തത് രക്തരഹിത വിപ്ലവത്തിലൂടെ. പ്രതിപക്ഷസേന ഡമസ്കസ് കീഴടക്കുന്നതിന് തൊട്ടുമുമ്പ് ബശ്ശാറുൽ അസദ് കുടുംബത്തിനൊപ്പം രാജ്യംവിട്ട് അജ്ഞാത കേന്ദ്രത്തിലേക്ക് മാറി. സിറിയയിൽ അസദ് കുടുംബത്തിന്റെ 53 വർഷം നീണ്ട ഭരണത്തിനാണ് ഇതോടെ വിരാമമായത്.

സർക്കാർ സ്ഥാപനങ്ങളുടെ നിയന്ത്രണം പുതിയ ഭരണകൂടത്തിന് കൈമാറുന്നതുവരെ നിലവിലെ പ്രധാനമന്ത്രി മുഹമ്മദ് ഖാസി അൽ ജലാലി മേൽനോട്ടം വഹിക്കുമെന്ന് എച്ച്.ടി.എസ് കമാൻഡർ അബൂ മുഹമ്മദ് അൽ ജൗലാനി പറഞ്ഞു. ജയിൽവാസം അനുഭവിക്കുന്നവരെ പ്രതിപക്ഷസേന മോചിപ്പിച്ചു. ഭരണം പിടിച്ചെടുത്ത വിവരം എച്ച്.ടി.എസ് ഔദ്യോഗിക ടെലിവിഷനിലൂടെ പ്രഖ്യാപിച്ചു.

2011ലെ പ്രക്ഷോഭത്തെ അതിജീവിച്ച് ഭരണത്തിൽ തുടർന്ന അസദിന് പൊടുന്നനെയുണ്ടായ എച്ച്.ടി.എസ് മുന്നേറ്റത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. നവംബർ 27നാണ് എച്ച്.ടി.എസ് സർക്കാർ സേനക്കെതിരെ അപ്രതീക്ഷിത പോരാട്ടത്തിന് തുടക്കം കുറിച്ചത്. മൂന്നു ദിവസത്തിനകം രാജ്യത്തെ രണ്ടാമത്തെ നഗരമായ അലപ്പോ കീഴടക്കി. കഴിഞ്ഞദിവസം രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹിംസ് കീഴടക്കിയ ശേഷമാണ് പ്രതിപക്ഷ സേന ഡമസ്കസ് ലക്ഷ്യമാക്കി നീങ്ങിയത്. പ്രധാന നഗരങ്ങളിൽനിന്ന് സർക്കാർ സൈന്യം പിൻവാങ്ങിയതോടെ രക്തച്ചൊരിച്ചിലില്ലാതെ ഭരണം പിടിച്ചെടുക്കാനായി. 2018ൽ സർക്കാർ സേന ഡമസ്കസ് നഗരത്തിന്റെ പൂർണ നിയന്ത്രണം വീണ്ടെടുത്തശേഷം ആദ്യമായാണ് പ്രതിപക്ഷ സേന ഇവിടെയെത്തുന്നത്.

അസദിന്റെ വീഴ്ച ജനങ്ങൾ തെരുവിലിറങ്ങി ആഘോഷിച്ചു. ഡമസ്കസിലെ അസദിന്റെ സ്വകാര്യ വസതി കൈയേറിയ ജനങ്ങൾ സാധനങ്ങൾ നശിപ്പിച്ചു. അസദുമായുള്ള സമ്പർക്കം ശനിയാഴ്ച വൈകീട്ട് മുതൽ നഷ്ടമായതായും അദ്ദേഹം എവിടെയാണെന്ന് അറിയില്ലെന്നും പ്രധാനമന്ത്രി മുഹമ്മദ് ഖാസി അൽ ജലാലി പറഞ്ഞു.

അസദിന്റെ വീഴ്ചക്ക് പിന്നാലെ ഡമസ്കസിലെ ഇറാൻ എംബസിക്കുനേരെ ആക്രമണമുണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിപക്ഷസേന എത്തുന്നതിനു മുമ്പ് നയതന്ത്ര പ്രതിനിധികളും ജീവനക്കാരും എംബസിയിൽനിന്ന് പോയിരുന്നു. ഇറാഖിന്റെ സിറിയയിലെ എംബസി ഒഴിപ്പിച്ചു. ജീവനക്കാരെ ലബനാനിലേക്ക് മാറ്റി. സിറിയയിലെ അസാധാരണ സ്ഥിതിഗതികൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നിരീക്ഷിച്ചുവരുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് പറഞ്ഞു.

അസദ് എവിടെ? അഭ്യൂഹങ്ങൾ ശക്തം

ഡമസ്കസ്: വിമതസേന അധികാരം പിടിച്ചെടുക്കുന്നതിന് മുമ്പ് രാജ്യം വിട്ട ബശ്ശാറുൽ അസദ് എവിടെയെന്നതിൽ അഭ്യൂഹങ്ങളുയരുന്നു. അടുപ്പമുള്ള ഏതെങ്കിലും വിദേശരാജ്യത്ത് അദ്ദേഹവും കുടുംബവും എത്തിയിരിക്കാമെന്നാണ് നിഗമനങ്ങളിലൊന്ന്. അതേസമയം, അസദ് സഞ്ചരിച്ച വിമാനം മിസൈലേറ്റ് തകർന്നുവെന്നും അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നും സമൂഹമാധ്യമങ്ങളിൽ വാദങ്ങളുയരുന്നുണ്ട്.

ഡമസ്കസിൽനിന്ന് പറന്നുയർന്ന അവസാന വിമാനം സിറിയൻ എയർ 9218 ഇല്യൂഷിൻ -76 ആണെന്ന് വിമാനങ്ങളുടെ സഞ്ചാരം നിരീക്ഷിക്കുന്ന വെബ്സൈറ്റുകൾ ചൂണ്ടിക്കാട്ടുന്നു. ഈ വിമാനത്തിൽ അസദ് ഉണ്ടായിരുന്നിരിക്കാമെന്നാണ് കരുതുന്നത്. ഡമസ്കസ് വിമാനത്താവളത്തിന്റെ നിയന്ത്രണം വിമതസേന പിടിച്ചെടുക്കുന്നതിന് തൊട്ടുമുമ്പാണ് അവസാന വിമാനം പുറപ്പെട്ടത്. ആദ്യം കിഴക്ക് ദിശയിൽ നീങ്ങിയ വിമാനം വെട്ടിത്തിരിഞ്ഞ് വടക്ക് ദിശയിലേക്ക് നീങ്ങി. എന്നാൽ, തൊട്ടുപിന്നാലെ ഹോംസ് നഗരത്തിന് മുകളിൽ വിമാനം അപ്രത്യക്ഷമായെന്ന് നിരീക്ഷകർ പറയുന്നു.

അതേസമയം, സായുധ മുന്നേറ്റത്തിലെ കക്ഷികളുമായി ചർച്ച നടത്തി അസദ് രാജ്യം വിട്ടുവെന്നും സമാധാനപരമായ അധികാര കൈമാറ്റത്തിന് നിർദേശം നൽകിയതായും റഷ്യ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:syria conflictsyriaBashar Assad
News Summary - Celebrations across Syria as Assad flees
Next Story