ഇസ്രായേലും ഹമാസും വെടിനിർത്തൽ അംഗീകരിച്ചു; ഗസ്സക്കിനി കണക്കെടുപ്പിെൻറ നാളുകൾ
text_fieldsജറൂസലം: ഈജിപ്ത് മുൻകൈയെടുത്ത് കൊണ്ടുവന്ന വെടിനിർത്തൽ ഇസ്രായേൽ അംഗീകരിച്ചതോടെ ഗസ്സയിൽ ആഘോഷം. 11 ദിവസം നീണ്ട ബോംബുവർഷത്തിനാണ് ഇതോടെ തത്കാലം അറുതിയാകുന്നത്. ഈജിപ്ത് കൊണ്ടുവന്ന നിരുപാധിക വെടിനിർത്തലിന് ഇസ്രായേൽ സുരക്ഷാ മന്ത്രാലം അംഗീകാരം നൽകിയതായി പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു പറഞ്ഞു. പിന്നാലെ വെടിനിർത്തുകയാണെന്ന് ഹമാസും ഇസ്ലാമിക് ജിഹാദും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം പുലർച്ചെ രണ്ടുമണിയോടെയാണ് ഇസ്രായേൽ ബോംബുവർഷം അവസാനിച്ചത്.
വിവരമറിഞ്ഞതോടെ പുലർച്ചെതന്നെ ആയിരക്കണക്കിന് ഫലസ്തീനികൾ ഗസ്സയിലും മറ്റു ഫലസ്തീനി പ്രവിശ്യകളിലും തെരുവിൽ ആഘോഷവുമായി എത്തി. ഫലസ്തീനി പതാക വീശിയും വിജയ ചിഹ്നം ഉയർത്തിക്കാട്ടിയുമായിരുന്നു ആഘോഷ പ്രകടനം.
ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 65 കുട്ടികൾ ഉൾപെടെ 232 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. ഹമാസ് റോക്കറ്റാക്രമണത്തിൽ ഇസ്രായേലിൽ രണ്ടു കുട്ടികൾ ഉൾപെടെ 12 പേരും കൊല്ലപ്പെട്ടു.
ബുധനാഴ്ച യു.എസ് പ്രസിഡൻറ് ജോ ബൈഡൻ വീണ്ടും ഫോണിൽ വിളിച്ച് അടിയന്തരമായി വെടിനിർത്തലിന് ആഹ്വാനം ചെയ്തിരുന്നു. ഇതോടെ ഇസ്രായേൽ പിന്മാറുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും വ്യാഴാഴ്ചയും ആക്രമണം നടന്നു. പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം. ഹമാസ് കേന്ദ്രങ്ങളിൽ കനത്ത നാശം വിതക്കാനായതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാൽ, വെടിനിർത്തൽ ഹമാസ് നേടിയ വിജയമാണെന്ന് ഹമാസ് വക്താവ് അലി ബാറക പറഞ്ഞു. തകർന്ന കെട്ടിടങ്ങൾ അതിവേഗം പുനരുദ്ധരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2014നു ശേഷം ഗസ്സക്കു മേൽ നടന്ന ഏറ്റവും ഭീകരമായ ആക്രമണങ്ങളിൽ 200 ഓളം കെട്ടിട സമുച്ചയങ്ങളും നൂറുകണക്കിന് വീടുകളും തകർന്നിരുന്നു. ശതകോടികളുടെ നഷ്ടം ഉണ്ടായതായി കഴിഞ്ഞ ദിവസം ഗസ്സ ഭരണകൂടം വ്യക്തമാക്കി.
കടുത്ത ഇസ്രായേൽ ഉപരോധവും അതിർത്തികൾ അടച്ചിടലും കാരണം നേരത്തെ തകർന്നുകിടക്കുന്ന ഗസ്സയിൽ പുതിയ ആക്രമണം വിതച്ച നാശം ഞെട്ടിപ്പിക്കുന്നതാണെന്ന് കണക്കുകൾ പറയുന്നു. പുനരുദ്ധാരണ പ്രവൃത്തികളെ ഇസ്രായേൽ തടസ്സപ്പെടുത്തുമെന്ന ആശങ്കയുമുണ്ട്.
വെടിനിർത്തൽ തുടർച്ചയായ അമേരിക്കൻ നയതന്ത്രത്തിെൻറ വിജയമാണെന്നും ഇനിയും തുടരുമെന്നും പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു. തുടർ നടപടികൾക്കായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കെൻ പശ്ചിമേഷ്യയിലേക്ക് പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.