കാട്ടുതീയിൽ വിറച്ച് ഹോളിവുഡ്; പ്രമുഖ നടീനടന്മാരുടെ വീടുകളും കത്തിനശിച്ചു
text_fieldsലോസ് ആഞ്ജലസ്: ലോസ് ആഞ്ജലസിൽ പടർന്ന കാട്ടുതീ ഭീഷണിയിൽ ഹോളിവുഡും. ഹോളിവുഡ് ഹിൽസിലെ റുൻയോൻ കൻയോനിൽ ബുധനാഴ്ച വൈകീട്ട് 5.30ഓടെയാണ് തീപിടിത്തമുണ്ടായത്.
ഹോളിവുഡ് ബൂളിവാഡ്, ഹോളിവുഡ് വോക് ഓഫ് ഫെയിം തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളിലേക്കും തീപടർന്നു. സംഗീത പരിപാടികൾ നടക്കാറുള്ള ഹോളിവുഡ് ബൗൾ അടക്കം വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങൾ അപകടത്തിലാണെന്നാണ് വിവരം. തീപിടിത്തമുണ്ടായതിന് പിന്നാലെ പല സിനിമകളുടെയും ആദ്യ പ്രദർശനം അടക്കം റദ്ദാക്കിയതോടെ ഹോളിവുഡ് നിശ്ചലമാണ്.
ഹോളിവുഡ് ഹിൽസിലെ സൺസെറ്റ് തീപിടിത്തത്തെ തുടർന്ന് നിർബന്ധമായും ഒഴിഞ്ഞുപോകണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ഹോളിവുഡിലെ പ്രമുഖ നടീനടന്മാരുടെ വീടുകളും കത്തിനശിച്ചു. ഹോളിവുഡ് നടന്മാരായ ബില്ലി ക്രിസ്റ്റൽ, യൂജിൻ ലെവി, മാർക് ഹാമിൽ, ജെയിംസ് വൂഡ്സ്, കാരി എൽവിസ് എന്നിവരുടെയും നടിമാരായ മാൻഡി മൂറിന്റെയും പാരീസ് ഹിൽട്ടണിന്റെയും വീടുകളാണ് നശിച്ചത്. ബില്ലി ക്രിസ്റ്റൽ കുടുംബത്തോടൊപ്പം 46 വർഷമായി താമസിച്ചുവരുന്ന വീടാണ് നഷ്ടപ്പെട്ടത്.
തന്റെ കുടുംബത്തിന്റെയടക്കം നിരവധി പേരുടെ വീടുകൾ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലും മരവിപ്പിലുമാണെന്ന് മാൻഡി മൂർ ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. പസഡെനക്കടുത്തുള്ള അൽതഡെന പരിസരത്തെ തകർന്ന തെരുവുകളുടെ വിഡിയോയും അവർ പോസ്റ്റ് ചെയ്തു. സങ്കൽപിക്കാൻപോലും കഴിയാത്ത നാശമാണിതെന്നാണ് പാരീസ് ഹിൽട്ടൺ ദുരന്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഇളയ മകൻ പിച്ചവെച്ച മാലിബുവിലെ വീട് കാട്ടുതീയിൽ കത്തിയമർന്നെന്ന ദുഃഖം പങ്കുവെച്ച ഹിൽട്ടൺ, ഉണരുമ്പോൾ വീടില്ല എന്ന സത്യം തിരിച്ചറിയുന്നത് പലർക്കും ഹൃദയഭേദകമാണെന്നും കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.