യുവേഫയുടെയും ക്ലബ്ബിന്‍റെയും തിട്ടൂരം തള്ളി ഫലസ്തീൻ പതാകകളും മുദ്രാവാക്യങ്ങളുമായി സെൽടിക് ആരാധകർ
text_fieldsഗ്ലാസ്ഗോ: ക്ലബ്ബിന്‍റെയും യൂറോപ്പ് ഫുട്ബാൾ അസോസിയേഷന്‍റെയും ശാസന വകവെക്കാതെ ഇസ്രായേലിന്‍റെ നരനായാട്ടിനിരയാകുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെൽടിക് ആരാധകർ. ഇതേതുടർന്ന്, സ്കോട്‌ലൻഡ് ക്ലബ്ബായ സെൽടിക് യുവേഫയുടെ അച്ചടക്ക നടപടിയുടെ നിഴലിലാണ്.
കഴിഞ്ഞ ദിവസം ഗ്ലാസ്ഗോയിലെ സെൽടിക് പാർക്കിൽ സെൽടിക് - അത്‌ലറ്റികോ മാഡ്രിഡ് മത്സരം നടക്കവെയാണ് ആയിരക്കണക്കിന് ഫലസ്തീൻ പതാകകൾ ഉയർത്തിയും ബാനറുകളേന്തിയും മുദ്രാവാക്യങ്ങൾ മുഴക്കിയും ആരാധകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. സെൽടിക് ക്ലബ്ബ് അധികൃതരുടെയും യുവേഫയുടെയും കണ്ണുരുട്ടൽ പാടെ തള്ളിയായിരുന്നു ഫലസ്തീനുള്ള ഐക്യദാർഢ്യ പ്രകടനം.
സ്കോട്ടിഷ് ക്ലബ്ബ് സെൽടികിന്‍റെ ഇടതു ചായ്‍വുള്ള ആരാധക കൂട്ടായ്മയായ ഗ്രീൻ ബ്രിഗേഡ് ആണ് പതാകകളുമായി സ്റ്റേഡിയത്തിലെത്താൻ മുൻകൈ എടുത്തത്. ധൈര്യത്തോടെ ഫലസ്തീൻ പതാക ഉയർത്തൂ എന്ന് ഗ്രീൻ ബ്രിഗേഡ് ആഹ്വാനം ചെയ്തിരുന്നു. മത്സരത്തിന് മുമ്പ്, പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട ബാനറുകളും പതാകകളും ചിഹ്നങ്ങളും പ്രദർശിക്കരുതെന്ന് ക്ലബ്ബ് ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, ഇതിന് പുല്ലുവില നൽകാതെയാണ് ക്ലബ്ബ് ആരാധാകർ ഫലസ്തീൻ പതാകകളുമായി സ്റ്റേഡിയത്തിലെത്തിയത്.
2018ൽ ഗസ്സയിൽ ഇസ്രായേൽ 16 പേരെ കൊലപ്പെടുത്തിയതിന്, ചാമ്പ്യൻസ് ലീഗിനെത്തിയ ഇസ്രായേലി ക്ലബ്ബിന് മുന്നിൽ നിരവധി കൂറ്റൻ ഫലസ്തീൻ പതാകകൾ ഉയർത്തി സെൽറ്റിക് ആരാധകർ പ്രതികരിച്ചിരുന്നു.
2016ൽ ഇസ്രായേൽ ക്ലബ്ബിനെതിരായ മത്സരത്തിനിടെ ആരാധാകർ സ്റ്റേഡിയത്തിൽ ഫലസ്തീൻ പതാകകൾ ഉയർത്തിയതിന് ക്ലബ്ബിന് യുവേഫ 9,000 പൗണ്ട് (പത്ത് ലക്ഷത്തോളം രൂപ) പിഴ ചുമത്തിയിരുന്നു. ഇതിനുശേഷം ഫലസ്തീനികൾക്കുള്ള ചികിത്സാ സഹായത്തിനും കെൽറ്റിക്കിന്റെ പേരിൽ ബെത്‌ലഹേമിൽ ഒരു ഫുട്‌ബോൾ അക്കാദമി രൂപീകരിക്കാനും ഓൺലൈൻ കാമ്പയിനിലൂടെ ഗ്രീൻ ബ്രിഗേഡ് 1,30,000 പൗണ്ട് സമാഹരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.