റോഹിങ്ക്യൻ അഭയാർഥി പെൺകുട്ടിയെ തിരിച്ചയച്ചില്ല
text_fieldsയാംഗോൻ: ഇന്ത്യ അഭയം നൽകിയ 14 കാരിയായ റോഹിങ്ക്യൻ അഭയാർഥിയെ തിരിച്ചയക്കാനുള്ള ശ്രമം വിജയിച്ചില്ല. അസമിലെ സിൽചറിൽനിന്ന് മണിപ്പൂരിലെ മെറേ അന്താരാഷ്ട്ര അതിർത്തിയിൽ പെൺകുട്ടിയെ എത്തിച്ചെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി മ്യാന്മർ അധികൃതർ അതിർത്തി കടക്കാൻ അനുമതി നിഷേധിക്കുകയായിരുന്നു.
ഇതോടെ ബാലികയെ തിരികെ മ്യാന്മറിലേക്ക് നാടുകടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ തൽക്കാലം നിർത്തിവെച്ചു. നേരത്തേ താമസിച്ച അസമിലെ അഭയകേന്ദ്രത്തിലേക്കുതന്നെ കുട്ടിയെ തിരിച്ചയക്കും. കുട്ടിയുടെ രക്ഷിതാക്കൾ ബംഗ്ലാദേശിലെ കോക്സ് ബസാർ അഭയാർഥി ക്യാമ്പിലാണ്.
പെൺകുട്ടിയെ തിരിച്ചയക്കുന്നതിൽ മനുഷ്യാവകാശ സംഘടനകളുടെ കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരുന്നു. അനധികൃത കുടിയേറ്റക്കാരിയായി മുദ്രകുത്തി വടക്കുകിഴക്കൻ അതിർത്തി പട്ടണത്തിലെത്തിച്ച് നാടുകടത്തൽ നടപടികൾക്കാണ് ശ്രമം നടന്നിരുന്നത്. യു.എൻ. അഭയാർഥി ഏജൻസി യു.എൻ.എച്ച്.സി.ആർ നാടുകടത്തലിനെ വിമർശിച്ചിരുന്നു. വിവിധ സംഘടനകൾ ഇതിനെതിരെ ശക്തമായി രംഗത്തുവന്നിട്ടും കേന്ദ്ര സർക്കാർ വിഷയത്തിൽ ഇടപെട്ടിരുന്നില്ല.
2017െല സൈനിക നടപടിയിൽനിന്ന് ഓടി രക്ഷപ്പെട്ടാണ് ബാലികയും കുടുംബവും ഇന്ത്യയിൽ അഭയം തേടിയത്. മലേഷ്യയിലേക്ക് പലായനം ചെയ്യുന്നതിനിടയിലാണ് കുഞ്ഞിനെ നഷ്ടമാവുന്നത്. അസമിലെ കച്ചാർ ജില്ലയിലെ റോങ്പുരിൽനിന്നാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അസമിൽ ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണയിലാണ് ഇവർ കഴിഞ്ഞിരുന്നത്. മാതൃരാജ്യമായ മ്യാന്മർ പൗരത്വം നിഷേധിച്ച ആയിരക്കണക്കിന് റോഹിങ്ക്യൻ അഭയാർഥികളാണ് ഇന്ത്യയിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്നത്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.