Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമലയാളി യുവതിയുടെ...

മലയാളി യുവതിയുടെ ആത്മഹത്യ ജോലി സമ്മർദ്ദം കൊണ്ടാണെന്ന പരാതിയിൽ കേന്ദ്രം അന്വേഷണം തുടങ്ങി

text_fields
bookmark_border
മലയാളി യുവതിയുടെ ആത്മഹത്യ ജോലി സമ്മർദ്ദം കൊണ്ടാണെന്ന പരാതിയിൽ കേന്ദ്രം അന്വേഷണം തുടങ്ങി
cancel

ന്യൂഡൽഹി: മലയാളി യുവതിയുടെ ആത്മഹത്യ ജോലി സമ്മർദ്ദം കൊണ്ടാണെന്ന പരാതിയിൽ കേന്ദ്രസർക്കാർ അന്വേഷണം തുടങ്ങി. ഇ.വൈ കമ്പനിയിലെ ജീവനക്കാരിയായ അന്ന സെബാസ്റ്റ്യനാണ് ആത്മഹത്യ ചെയ്തത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ ജോലി സമ്മർദ്ദം മൂലമാണ് മകൾ ആത്മഹത്യ ചെയ്തതെന്ന് വ്യക്തമാക്കി കമ്പനിയുടെ ഇന്ത്യ വിഭാഗം മേധാവിക്ക് കത്തയച്ചിരുന്നു. ഈ കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപ്പെട്ടത്.

കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജെ ചൂഷണവും സുരക്ഷിതമല്ലാത്ത ജോലി സാഹചര്യവുമാണോ യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരിശോധിക്കാൻ നിർദേശം നൽകി. അന്ന സെബാസ്റ്റ്യന്റെ മരണം കടുത്ത ദുഃഖമുണ്ടാക്കുന്ന സംഭവമാണ്. അവർക്ക് നീതി ഉറപ്പാക്കാനായി ഇടപെടൽ നടത്തുമെന്നും മന്ത്രി എക്സി​ലെ പോസ്റ്റിലൂടെ ഉറപ്പ് നൽകി.

കൊച്ചി സ്വദേശിയായ അന്ന സെബാസ്റ്റ്യനെയാണ് കഴിഞ്ഞ ജൂലൈയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂണെയിലെ ഇ.വൈ കമ്പനിയിൽ ജീവനക്കാരിയായിരുന്നു അന്ന. നാല് മാസം മുമ്പാണ് അന്ന ജോലിയിൽ പ്രവേശിച്ചത്.

അമിത ജോലിയെ മഹത്വവത്ക്കരിക്കുന്ന സ്ഥാപനത്തെ അപലപിക്കുകയും കമ്പനിയുടെ മനുഷ്യാവകാശ മൂല്യങ്ങൾ തന്‍റെ മകൾ അനുഭവിച്ച യാഥാർഥ്യത്തിന് വിരുദ്ധമാണെന്ന് അന്നയുടെ അമ്മ അനിത അഗസ്റ്റിൻ ബഹുരാഷ്ട്ര കമ്പനിയുടെ ഇന്ത്യൻ മേധാവിക്ക് രാജീവ് മേമനിക്ക് അയച്ച ഇമെയിൽ പറയുന്നു.

2023ലാണ് അന്ന സി.എ പരീക്ഷ പാസാകുന്നത്. പൂണെയിലെ ഇ.വൈ കമ്പനിയിലേത് അന്നയുടെ ആദ്യ ജോലിയായിരുന്നു. പ്രതീക്ഷകൾ നിറവേറ്റാൻ അവൾ അശ്രാന്തമായി പരിശ്രമിച്ചു. എന്നാൽ ആ ശ്രമം അന്നയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം ബാധിച്ചു. ജോയിൻ ചെയ്ത ഉടൻ തന്നെ ഉത്കണ്ഠ, ഉറക്കമില്ലായ്മ, സമ്മർദ്ദം എന്നിവ മകൾക്ക് അനുഭവപ്പെടാൻ തുടങ്ങിയതായി അനിത പറയുന്നു. പക്ഷേ കഠിനാധ്വാനവും സ്ഥിരോത്സാഹവുമാണ് വിജയത്തിലേക്കുള്ള പാതയെന്ന് വിശ്വസിച്ച് സ്വയം മുന്നോട്ട് പോയെന്നും അനിത കൂട്ടിച്ചേർത്തു.

ജോലിഭാരം കാരണം നിരവധി ജീവനക്കാർ കമ്പനിയിൽ നിന്ന് രാജിവെച്ചതായും അനിത ആരോപിച്ചു. രാത്രി വൈകിയും വാരാന്ത്യങ്ങളിലും അന്ന ജോലിചെയ്തിരുന്നു. ഒരു ഓഫീസ് പാർട്ടിക്കിടെ ഒരു മുതിർന്ന ജീവനക്കാരൻ തന്‍റെ മാനേജരുടെ കീഴിൽ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് തമാശയായി അന്നയോട് പറഞ്ഞിരുന്നു. നിർഭാഗ്യവശാൽ അത് യാഥാർഥ്യമായി മാറിയെന്നും അവൾക്ക് രക്ഷപെടാനായില്ലെന്നും അനിത അഗസ്റ്റിൻ കൂട്ടിച്ചേർത്തു.

ഓഫിസ് ജോലികൾക്ക് പുറമെയുള്ള ജോലികളും അന്നക്ക് ചെയ്യേണ്ട് വന്നിരുന്നെന്നും അത്തരം ജോലികൾ ഏറ്റെടുക്കരുതെന്ന് മകളോട് പറഞ്ഞിരുന്നെന്നും അനിത വ്യക്തമാക്കി. അസിസ്റ്റന്‍റ് മാനേജർ ഒരിക്കൽ രാത്രി അവളെ വിളിച്ച് പിറ്റേന്ന് രാവിലെ പൂർത്തിയാക്കേണ്ട ജോലി ഏൽപ്പിച്ചു. അവള്‍ക്കൊന്ന് വിശ്രമിക്കാന്‍ പോലും സമയം കിട്ടിയില്ലെന്നും ഇക്കാര്യം അറിയിച്ചപ്പോൾ വളരെ മോശമായ പ്രതികരണമാണ് കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും അനിത പറഞ്ഞു.

ഇ.വൈ പൂണെയിലെ ജീവനക്കാർ മകളുടെ ശവസംസ്‌കാര ചടങ്ങുകളിൽ പങ്കെടുത്തില്ലെന്നും അനിത പറഞ്ഞു. മരണത്തിന്‍റെ കൃത്യമായ കാരണം വ്യക്തമല്ല. എന്നാൽ മരിക്കുന്നതിന് ആഴ്‌ചകൾക്ക് മുമ്പ് നെഞ്ച് വേദനയെ തുടർന്ന് അന്നയെ പൂണെയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരിന്നു. ഇ.സി.ജി സാധാരണ നിലയിലായിരുന്നു. എന്നാൽ വേണ്ടത്ര ഉറക്കം ലഭിക്കാത്തതും വളരെ വൈകി ഭക്ഷണം കഴിക്കുന്നതുമാണ് പ്രശ്നമെന്ന് ഡോക്ടർ പറഞ്ഞതായും അനിത വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Union governmentEY India
News Summary - Centre probes EY India employee's death after mother blames 'work pressure'
Next Story