ഇംഗ്ലീഷ് ചാനലിൽ അഭയാർഥികൾ മുങ്ങിമരിച്ച സംഭവം: ബ്രിട്ടൻ–ഫ്രാൻസ് ബന്ധം ഉലയുന്നു
text_fieldsപാരിസ്: ഇംഗ്ലീഷ് ചാനൽ വഴിയെത്തിയ അഭയാർഥികളെ തിരികെ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടതിനെ തുടർന്ന് വിഷയത്തിൽ ബ്രിട്ടനുമായി നടത്താനിരുന്ന ചർച്ച ഫ്രാൻസ് റദ്ദാക്കി. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലുമായാണ് ഫ്രാൻസ് ചർച്ച നടത്താനിരുന്നത്.
ഇംഗ്ലീഷ് ചാനലിൽ 27 അഭയാർഥികൾ മുങ്ങിമരിച്ചതിനെ തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിൽ തർക്കം ഉടലെടുത്തത്. മൂന്നു കുട്ടികളും ഒരു ഗർഭിണിയുമടക്കം മരിച്ചവരിൽ ഉൾപ്പെടുന്നു. കലായ്സിൽ നടക്കുന്ന ചർച്ചയിൽ ബെൽജിയം, നെതർലൻഡ്സ്, ജർമനി, യൂറോപ്യൻ കമീഷൻ പ്രതിനിധികൾ സംബന്ധിക്കും. കൂടുതൽ ദുരന്തം ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് അഭയാർഥികളെ ഫ്രാൻസ് തിരികെ സ്വീകരിക്കണമെന്ന് ബോറിസ് ജോൺസൺ ആവശ്യപ്പെട്ടത്.
പിന്നാലെ ട്വിറ്ററിൽ നിർദേശങ്ങൾ ഉൾക്കൊള്ളിച്ച കത്ത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഫ്രാൻസ് രോഷാകുലരായത്. അഭയാർഥികളുടെ വിഷയത്തിൽ ബോറിസ് ജോൺസെൻറ നടപടിയെ വിമർശിച്ച് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും രംഗത്തുവന്നു. ഇത്തരം ഗൗരവമാർന്ന വിഷയത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴിയല്ല രാഷ്ട്രത്തലവൻമാർ ആശയവിനിമയം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അഭയാർഥി പ്രവാഹം തടയാൻ നടപടികൾ സ്വീകരിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയപ്പോഴാണ് ബോറിസ് ജോൺസൺ കത്ത് പ്രശ്നങ്ങൾക്കിടയാക്കിയത്. ബ്രിട്ടെൻറ ബോട്ടുകൾ ഫ്രഞ്ചുതീരം വിട്ടുപോകണമെന്നും ഫ്രാൻസ് ആവശ്യപ്പെട്ടു. ഫ്രഞ്ച് മത്സ്യബന്ധന ബോട്ടുകൾ ഇംഗ്ലീഷ് ചാനലിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി.
34 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാളെ കാണാനില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നാണ് ഇംഗ്ലീഷ് ചാനൽ.
യൂറോപ്യൻ തുറമുഖങ്ങളിലേക്കുള്ള കപ്പലുകളുടെ പ്രധാന പാതയാണിത്. പ്രതിദിനം ഇതുവഴി 400 കപ്പലുകൾ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക്. ഫ്രാൻസിൽ നിന്ന് ബ്രിട്ടനിലെത്താൻ പല കുടിയേറ്റക്കാരും ഇംഗ്ലീഷ് ചാനലിനെയാണ് ആശ്രയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.