ചാൾസ് മൂന്നാമന്റെ അധികാരം പ്രതീകാത്മകം; ആചാരപരം
text_fieldsലണ്ടൻ: രാജാവാണ് യുനൈറ്റഡ് കിങ്ഡത്തിെന്റ രാഷ്ട്രത്തലവൻ. എന്നിരുന്നാലും, അദ്ദേഹത്തിന്റെ അധികാരങ്ങൾ പ്രതീകാത്മകവും ആചാരപരവുമാണ്, കൂടാതെ രാഷ്ട്രീയമായി നിഷ്പക്ഷ നിലപാടാണ് അദ്ദേഹം സ്വീകരിക്കാറുള്ളത്.
പ്രധാനപ്പെട്ട യോഗങ്ങൾക്ക് മുമ്പുള്ള സംക്ഷിപ്ത വിവരങ്ങളും രാജാവിെന്റ ഒപ്പ് ആവശ്യമായ രേഖകളും ഉൾപ്പെടെ ചുവന്ന തുകൽപെട്ടിയിൽ എല്ലാ ദിവസവും സർക്കാറിൽനിന്ന് രാജാവിന് ലഭിക്കുന്നു. സർക്കാർ കാര്യങ്ങൾ അറിയിക്കുന്നതിനായി പ്രധാനമന്ത്രി സാധാരണയായി ബുധനാഴ്ചകളിൽ ബക്കിങ്ഹാം കൊട്ടാരത്തിൽ രാജാവിനെ കാണാറുണ്ട്.
ഈ കൂടിക്കാഴ്ചകൾ തികച്ചും സ്വകാര്യമാണ്. ഇരുവരും സംസാരിച്ച കാര്യങ്ങൾ ഔദ്യോഗികമായി രേഖപ്പെടുത്താറില്ല. രാജാവിന് നിരവധി ഔദ്യോഗിക പാർലമെന്ററി ചുമതലകളും ഉണ്ട്. പൊതുതെരഞ്ഞെടുപ്പിൽ വിജയിക്കുന്ന പാർട്ടിയുടെ നേതാവിനെ സാധാരണയായി ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് വിളിക്കും.
അവിെടവെച്ച് അവരെ സർക്കാർ രൂപവത്കരിക്കാൻ ക്ഷണിക്കും. പൊതു തെരഞ്ഞെടുപ്പിന് മുമ്പ് രാജാവ് ഔദ്യോഗികമായി സർക്കാറിനെ പിരിച്ചുവിടുകയും ചെയ്യുന്നു. സ്റ്റേറ്റ് ഓപണിങ് സെറിമണി എന്ന ചടങ്ങിൽ രാജാവാണ് പാർലമെന്ററി വർഷത്തിനു തുടക്കം കുറിക്കുന്നത്. സർക്കാറിെന്റ പദ്ധതികൾ ഇവിടെ രാജാവ് വിശദീകരിക്കും. പ്രഭുസഭയിലെ സിംഹാസനത്തിലിരുന്നാണ് രാജാവ് പ്രസംഗം നടത്തുക.
പാർലമെന്റിൽ ഒരു നിയമം പാസാക്കുമ്പോൾ അതിന് രാജാവിെന്റ അംഗീകാരം ആവശ്യമാണ്. പാർലമെന്റ് പാസാക്കിയ ഒരു നിയമത്തിന് രാജാവ് അവസാനമായി അനുമതി നിഷേധിച്ചത് 1708ലാണ്. 2.5 ബില്യൺ ജനങ്ങൾ അധിവസിക്കുന്ന, 56 സ്വതന്ത്ര രാജ്യങ്ങളുടെ കൂട്ടായ്മയായ കോമൺവെൽത്തിന്റെ തലവനാണ് ബ്രിട്ടീഷ് രാജാവ്. ഇവയിൽ 14 രാജ്യങ്ങളുടെ രാഷ്ട്രത്തലവൻ കൂടിയാണ് രാജാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.