ചാൾസ് മൂന്നാമെന്റ കിരീടധാരണം ഇന്ന്
text_fieldsലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിെന്റ കിരീടധാരണത്തിനൊരുങ്ങി ബ്രിട്ടൻ. ശനിയാഴ്ച ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ആബിയിലാണ് ചടങ്ങുകൾ. 1000ത്തിലധികം വർഷം പഴക്കമുള്ള ആചാരപ്പെരുമകളോടെ നടക്കുന്ന കിരീടധാരണത്തെ ആകാംക്ഷയോടെയാണ് ബ്രിട്ടീഷ് ജനത കാത്തിരിക്കുന്നത്.
70 വർഷത്തിനിടെ ആദ്യമായി നടക്കുന്ന കിരീടധാരണ ചടങ്ങുകൾക്കായി അതിവിപുലമായ സുരക്ഷസന്നാഹങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചടങ്ങുകൾ വീക്ഷിക്കാൻ വലിയൊരു ജനക്കൂട്ടം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിരീടധാരണ ചടങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച നാലു ലക്ഷം പേർക്ക് കിരീടധാരണ മെഡൽ സമ്മാനിക്കും.
70 വർഷം ബ്രിട്ടനെ നയിച്ച എലിസബത്ത് രാജ്ഞി കഴിഞ്ഞവർഷം സെപ്റ്റംബറിൽ അന്തരിച്ചതോടെയാണ് ചാൾസിന് രാജപദവി ലഭിക്കുന്നത്. ഉറ്റബന്ധുക്കളും സുഹൃത്തുക്കളും ലോകരാഷ്ട്രങ്ങളിലെ നേതാക്കളും ഉൾപ്പെടെ 2000ത്തോളം അതിഥികളുടെ സാന്നിധ്യത്തിലാണ് ചാൾസിന്റെ കിരീടധാരണം. എലിസബത്ത് രാജ്ഞി അന്തരിച്ചതിനു പിന്നാലെതന്നെ ചാൾസ് മൂന്നാമൻ രാജാവായി ചുമതലയേറ്റിരുന്നു. യു.കെയുടെയും മറ്റ് 14 മേഖലകളുടെയും ഭരണാധിപനായി തത്ത്വത്തിൽ അദ്ദേഹം മാറി.
കിരീടധാരണ ചടങ്ങുകൾക്ക് മുന്നോടിയായി ബക്കിങ്ഹാം കൊട്ടാരത്തിൽനിന്ന് രാവിലെ 11ന് വെസ്റ്റ് മിനിസ്റ്റർ ആബിയിലേക്ക് ഘോഷയാത്ര പുറപ്പെടും. ചടങ്ങുകൾക്കുശേഷം തിരികെ ബക്കിങ്ഹാം കൊട്ടാരത്തിലേക്കും ഘോഷയാത്രയുണ്ടാകും. വൈകീട്ട് കൊട്ടാരത്തിെന്റ ബാൽക്കണിയിൽനിന്ന് രാജാവും രാജ്ഞിയും ജനങ്ങളെ അഭിവാദ്യം ചെയ്യും.
ബ്രിട്ടീഷ് ചരിത്രത്തിൽ രാജപദവിയിൽ എത്തുന്ന ഏറ്റവുംപ്രായം കൂടിയ ആളാണ് 74കാരനായ ചാൾസ് മൂന്നാമൻ. ഇതേ പ്രായത്തിൽ മാതാവ് എലിസബത്ത് രാജ്ഞി കിരീടധാരണത്തിെന്റ സുവർണ ജൂബിലി ആഘോഷിച്ചുവെന്നതാണ് മറ്റൊരു പ്രത്യേകത. 1953ൽ എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണ ചടങ്ങുകളേക്കാൾ ദൈർഘ്യം കുറഞ്ഞതും വൈവിധ്യം നിറഞ്ഞതുമായ ചടങ്ങുകളായിരിക്കും ഇത്തവണയുണ്ടാവുക.
കിരീടധാരണ ചടങ്ങിൽ ചാൾസ്, നിയമത്തെയും ചർച്ച് ഓഫ് ഇംഗ്ലണ്ടിനെയും ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞ ചൊല്ലും. പിന്നാലെ എഡ്വേഡ് രാജാവിന്റെ കസേരയെന്ന് അറിയപ്പെടുന്ന സ്റ്റോൺ ഓഫ് ഡെസ്റ്റിനിയെന്ന സിംഹാസനത്തിൽ അദ്ദേഹം ഇരിക്കും. തുടർന്ന് കാന്റർബറി ആർച്ച് ബിഷപ് ജറൂസലമിൽനിന്നുള്ള വിശുദ്ധ തൈലംകൊണ്ട് ചാൾസിനെ അഭിഷേകം ചെയ്യും. പിന്നാലെ ആർച്ച് ബിഷപ് രാജകിരീടം രാജാവിന്റെ തലയിൽ വെച്ചുകൊടുക്കും.
ചാൾസിന്റെ പത്നി കാമിലയെ രാജ്ഞിയായി വാഴിക്കുന്ന ചടങ്ങും ഒപ്പം നടത്തും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പകരം ഭാര്യ ജിൽ ബൈഡനാണ് ചാൾസിെന്റ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുന്നത്. ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയിട്ടുണ്ട്.
ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിൽ പ്രധാനമന്ത്രി ഋഷി സുനക് ബൈബിൾ പാരായണം നടത്തും. രാഷ്ട്രത്തിന്റെ ഔദ്യോഗിക ചടങ്ങുകളിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബൈബിൾ പാരായണം നടത്തുകയെന്ന സമീപകാല പാരമ്പ്യത്തിന്റെ തുടർച്ചയായാണിത്. ബ്രിട്ടീഷ് ചരിത്രത്തിൽ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തുന്ന ഇന്ത്യൻ വംശജനാണ് ഋഷി സുനക്. ഹിന്ദുമത വിശ്വാസിയായ അദ്ദേഹം ബൈബിൾ വായിക്കുന്നത് കിരീടധാരണ ചടങ്ങിലെ വൈവിധ്യം പ്രതിഫലിപ്പിക്കുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.
പൗലോസ് അപ്പസ്തോലൻ കൊളോസോസുകാർക്ക് എഴുതിയ ലേഖനത്തിലെ ഒന്നാം അധ്യായം ഒമ്പത് 17 വരെയുള്ള വാക്യങ്ങളാണ് അദ്ദേഹം വായിക്കുക. ഇതര മതങ്ങളിൽനിന്നുള്ളവരും ഇത്തവണത്തെ കിരീടധാരണ ചടങ്ങിൽ സജീവ പങ്കാളിത്തം വഹിക്കുമെന്ന് കാന്റർബറി ആർച്ച് ബിഷപ്പിന്റെ ഓഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.