എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി ചാൾസ് മൂന്നാമൻ ഇന്ന് അധികാരമേൽക്കും
text_fieldsലണ്ടൻ: ബ്രിട്ടനിൽ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ പിൻഗാമിയായി മകൻ ചാൾസ് മൂന്നാമൻ ഇന്ന് രാജാവായി സത്യപ്രതിജ്ഞ ചെയ്യും. ഇന്ത്യൻ സമയം വൈകീട്ട് മൂന്നുമണിയോടെയാണ് ചടങ്ങുകൾ. രാജ്ഞിയുടെ സംസ്കാരത്തിന്റെ സമയക്രമം രാജാവാണ് പ്രഖ്യാപിക്കുക. ഇന്നലെ ചാൾസ് രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. പുതിയ ഉത്തരവാദിത്തങ്ങൾ വരുന്നതോടുകൂടി തന്റെ ജീവിതവും മാറുമെന്ന് ചാൾസ് ഉറപ്പുനൽകി.
ജനത്തെ സേവിക്കാനായി ജീവിതം ഉഴിഞ്ഞുവച്ചയാളായിരുന്നു അമ്മ എലിസബത്ത് രാജ്ഞിയെന്ന് ചാൾസ് മൂന്നാമൻ പറഞ്ഞു. അമ്മ കുടുംബത്തിൽ എല്ലാവർക്കും പ്രചോദനവും മാതൃകയുമായിരുന്നു. സ്വന്തം കടമകൾ നിർവഹിക്കാനായി അവർ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചു. എലിസബത്ത് രാജ്ഞിയുടെ അതേ പ്രതിജ്ഞയാണ് താനും ഉറപ്പുനൽകുകയെന്ന് ചാൾസ് വ്യക്തമാക്കി. അതേസമയം, രാജ്ഞിയുടെ സംസ്കാരച്ചടങ്ങ് 19നാണെന്നാണ് റിപോർട്ടുകൾ. രാജ്യത്തെ പ്രധാന ചർച്ചുകളിലെല്ലാം രാജ്ഞിക്ക് ആദരമർപ്പിച്ചു. ഈ മാസം എട്ടിനായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം.
ഏറ്റവും ദീർഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂർവനേട്ടത്തിനുടമയാണ് എലിസബത്ത്. സ്‌കോട്ട്‌ലൻഡിലെ ബെൽമോർ കൊട്ടാരത്തിലായിരുന്നു അന്ത്യം. 2015ലാണ് എലിസബത്ത് രാജ്ഞി ഏറ്റവും ദീർഘമായ കാലം ബ്രിട്ടനെ ഭരിച്ച ഭരണാധികാരിയെന്ന റെക്കോർഡിനുടമയാകുന്നത്. മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നായിരുന്നു അവർ ഈ നേട്ടം സ്വന്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.