യുദ്ധവിമാനങ്ങളുടെ ഇരമ്പലുകൾക്കിടയിലും പാചകം തുടരുകയാണ്; ജോസിന്റെ സമൂഹ അടുക്കളയിൽ തീ അണയുന്നില്ല
text_fieldsഎട്ടു ദിവസം മുമ്പ്, പൊട്ടൊന്നൊരു നാൾ തലക്കുമുകളിലെ സ്ഫോടന ശബ്ദം കേട്ടാണ് യുക്രെയിനിലെ പല നഗരവാസികളും ഉറക്കമുണർന്നത്. ഒരു പുതപ്പ്, ഒന്നോ രണ്ടോ വസ്ത്രങ്ങൾ തുടങ്ങി കയ്യിൽ കരുതാവുന്ന വസ്തുക്കളും കൈക്കുഞ്ഞുങ്ങളുമായി അന്ന് ഒാടാൻ തുടങ്ങിയതാണ് പലരും. ബോംബുകൾ പെയ്തിറങ്ങാത്ത ആകാശം തേടിയുള്ള ആ ഒാട്ടം യുക്രെയിനിന്റെ അതിർത്തികളിൽ പാതിരാവിലും കാണാമിപ്പോൾ. അങ്ങിനെ ഒാടിയെത്തുന്നവർക്ക് പാതിരാവിലെ മരം കോച്ചും തണുപ്പിലും ചൂടു ഭക്ഷണമൊരുക്കുന്ന തിരക്കിലാണ് ഷെഫ് ജോസ് ആൻഡ്രസ്.
സ്പാനിഷ്-അമേരിക്കൻ ഷെഫായ ജോസ് ആൻഡ്രസിന്റെ നേതൃത്വത്തിലുള്ള വേൾഡ് സെൻട്രൽ കിച്ചൺ എന്ന സംഘടന യുക്രെയിനിൽ നിന്നുള്ള അഭയാർഥികൾക്കായി നിരവധി സാമൂഹ്യ അടുക്കളകളാണ് നടത്തുന്നത്. യുക്രെയിനിൽ നിന്ന് അഭയാർഥികളായി എത്തുന്നവർക്കായി പോളണ്ടിലെ അതിർത്തി പ്രദേശത്തെ വേൾഡ് സെൻട്രൽ കിച്ചണിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങളടക്കം ജോസ് ആൻഡ്രസ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 'ഞങ്ങളാലാകുന്നതൊക്കെ ഞങ്ങൾ ചെയ്യുന്നുണ്ട്. ഇനിയെന്തെന്ന് ഒരുപിടിയുമില്ല' -ജോസ് ആൻഡ്രസ് ട്വീറ്റ് ചെയ്തു.
റഷ്യൻ ആക്രമണം തുടരുന്ന ഖാർകീവിൽ പോലും വേൾഡ് സെൻട്രൽ കിച്ചൺ സമൂഹ അടുക്കള നടത്തുന്നുണ്ട്. 'യുദ്ധവിമാനങ്ങളുടെ ഇരമ്പലുകൾക്കിടയിലും പാചകം തുടരുകയാണ്. ഇവരാണ് യഥാർഥ നായകൻമാർ' -ഖാർകീവിലെ സമൂഹ അടുക്കളയിലെ സന്നദ്ധ പ്രവർത്തകരുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ജോസ് ആൻഡ്രസ് ട്വീറ്റ് ചെയ്തു. അടുക്കളയുടെ 500 മീറ്റർ അടുത്തു പോലും മിസൈൽ വീണിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
2019 ൽ സമാധാന നോബേലിന് നിർദേശിക്കപ്പെട്ട സാമൂഹിക പ്രവർത്തകനാണ് ജോസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.