ചെർണീവ് ആക്രമണം: ശക്തമായി തിരിച്ചടിക്കുമെന്ന് യുക്രെയ്ൻ
text_fieldsകിയവ്: വടക്കൻ യുക്രെയ്നിലെ ചെർണീവ് നഗരത്തിൽ റഷ്യ നടത്തിയ ആക്രമണത്തിനെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. നഗരഹൃദയ ഭാഗത്തെ ചത്വരത്തോടു ചേർന്ന തിയറ്ററിലാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. ഏഴു പേർ മരിക്കുകയും 150 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവിടെ പരിപാടിയിൽ പങ്കെടുത്തവരാണ് ആക്രമണത്തിനിരയായത്. കൊല്ലപ്പെട്ടവരിൽ ഒരു പെൺകുട്ടിയുമുണ്ട്. പരിക്കേറ്റവരിൽ 15 പേർ കുട്ടികളും അത്രയും പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്.
ആക്രമണം കടുപ്പിച്ച റഷ്യ കുപിയാൻസ്കിലും ബോംബ് വർഷിച്ചു. ഇവിടെ ഒരാൾക്ക് ഗുരുതര പരിക്കുണ്ട്. കഴിഞ്ഞ വർഷം അധിനിവേശം ആരംഭിച്ചയുടൻ റഷ്യ പിടിച്ചടക്കിയതായിരുന്നു കുപിയാൻസ്ക്. പിന്നീട് യുക്രെയ്ൻ തിരിച്ചുപിടിച്ചു. ഇവിടെയാണ് ആക്രമണമുണ്ടായത്. അതിനിടെ, പ്രത്യാക്രമണം ശക്തമാക്കിയ യുക്രെയ്ന് എഫ്.16 വിമാനങ്ങൾ കൈമാറാൻ നെതർലൻഡ്സും ഡെൻമാർക്കും ചേർന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, യുക്രെയ്ൻ വൈമാനികർ ഇത് പറത്താൻ പരിശീലനം പൂർത്തിയാകുന്ന മുറക്കാകും കൈമാറ്റം.
ഇതുമായി ബന്ധപ്പെട്ടുൾപ്പെടെ ചർച്ചകൾക്ക് സെലൻസ്കി നെതർലൻഡ്സിലെത്തിയിട്ടുണ്ട്. റഷ്യയുടെ തന്ത്രപ്രധാന മേഖലകളിൽ കഴിഞ്ഞ ദിവസം യുക്രെയ്ൻ ഡ്രോണുകൾ ആക്രമണം നടത്തിയിരുന്നു. മോസ്കോ, തലസ്ഥാനത്തിനടുത്തെ നോവ്ഗോറോദ്, അതിർത്തി മേഖലയായ ബെൽഗോറോദ് എന്നിവിടങ്ങളിലും ശനിയാഴ്ച ആക്രമണമുണ്ടായി.
മോസ്കോ ലക്ഷ്യമിട്ട് ഞായറാഴ്ചയും ആക്രമണം നടന്നെങ്കിലും റഷ്യൻ പ്രതിരോധ സംവിധാനം അവ നിർവീര്യമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.