യു.എൻ അസോസിയേഷന്‍ ഓസ്ട്രേലിയയുടെ സെക്രട്ടറി സ്ഥാനത്ത് കേരളത്തിന്‍റെ പെണ്‍കരുത്ത്
text_fieldsബ്രിസ്ബെയ്ന്‍: ഐക്യരാഷ്ട്ര സഭ അസോസിയേഷന്‍ ഓസ്ട്രേലിയയുടെ സെക്രട്ടറി സ്ഥാനത്ത് കേരളത്തിന്‍റെ പെണ്‍കരുത്ത്. ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയും ക്യൂന്‍സ് ലാന്‍ഡ് ഗ്രിഫിത് സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ സൈക്കോളജി-ക്രിമിനോളജി വിദ്യാർഥിയുമായ തെരേസ ജോയി (20)ക്കാണ് ഐക്യരാഷ്ട്രസഭ അസോസിയേഷന്‍റെ ഓസ്‌ട്രേലിയ ക്യൂന്‍സ്ലാന്‍ഡ് ഡിവിഷന്‍ സെക്രട്ടറി സ്ഥാനം ലഭിച്ചത്. അസോസിയേഷന്‍ ഓസ്ട്രേലിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഏറ്റവും പ്രായം കുറഞ്ഞ ഒരാളെ മുഖ്യസ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
മുന്‍ ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ക്ലെയര്‍ മോര്‍ (പ്രസിഡന്‍റ്), മുന്‍ മന്ത്രി റോഡ് വെല്‍ഫോര്‍ഡ്, അനറ്റ് ബ്രൗണ്‍ലി, വെന്‍ണ്ടി ഫ്‌ലാനെറി (വൈസ് പ്രസിഡന്‍റുമാര്‍), കാമറോണ്‍ ഗോര്‍ഡന്‍ (ട്രഷറര്‍), ജോയല്‍ ലിന്‍ഡസേ (യു.എന്‍ യെങ് പ്രഫഷണല്‍ മെമ്പര്‍), രെന്‍ണ്ടല്‍ ന്യൂവ് (പീസ് കീപ്പിങ് മെമ്പര്‍), റോണ്‍ മിച്ചല്‍ (എന്‍.ജി.ഒ കെയര്‍ മെമ്പര്‍), ക്ലെം ക്ലാമ്പല്‍ (എര്‍ത്ത് ചാര്‍ട്ടര്‍ മെമ്പര്‍), ഡോ. ഡോണല്‍ ഡേവിസ് (ഇമ്മിഡിയറ്റ് പാസ്റ്റ് പ്രസിഡന്‍റ്) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ഐക്യരാഷ്ട്ര സഭയുടെ അംഗത്വമുള്ള 195 രാജ്യങ്ങളുള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ എട്ട് വര്‍ഷം നീണ്ട ഗവേഷണം നടത്തി മന:പാഠമാക്കിയ തെരേസ-ആഗ്നസ് സഹോദരിമാരില്‍ ഒരാളാണ് തെരേസ ജോയി. 2020 ഒക്ടോബര്‍ 24ന് ഐക്യരാഷ്ട്ര സഭയുടെ 75-ാം വാര്‍ഷിക ഭാഗമായി ആഗോള തലത്തില്‍ 'സല്യൂട്ട് ദ നേഷന്‍സ്' എന്ന പേരില്‍ ഐക്യരാഷ്ട്ര സഭയില്‍ അംഗത്വമുള്ള വിവിധ രാജ്യങ്ങളില്‍ ദേശീയഗാനം ആലപിക്കാനുള്ള തയ്യാറെടുപ്പിലാണ് തെരേസയും സഹോദരിയും.
രാജ്യാന്തര ഇവന്‍റ് നടത്തി ലഭിക്കുന്ന പണം ലോകസമാധാനവും മാനവ സ്‌നേഹവും ഊട്ടിയുറപ്പിക്കാനും കുട്ടികളുടേയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പുവരുത്താനും ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും സമാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്കും സംഭാവന ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇരുവരുടേയും പ്രവര്‍ത്തനം. കുട്ടികളുടേയും സ്ത്രീകളുടെയും ഉന്നമനം ലക്ഷ്യമാക്കി ഓസ്ട്രേലിയ ആസ്ഥാനമായുള്ള ആഗ്നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ഇരുവരും.
ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്തെ എഴുത്തുകാരനും സംവിധായകനുമായ ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോയ് കെ. മാത്യുവിന്‍റെയും ക്യൂന്‍സ്ലാന്‍ഡിലെ നഴ്സായ ജാക്വിലിന്‍ ജോയിയുടേയും മക്കളാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.