ശിശുക്ഷേമ സമിതി ലാഭം നോക്കി പ്രവർത്തിക്കുന്ന കമ്പനിയല്ല": റാണി മുഖർജി സിനിമക്കെതിരെ നോർവേ എംബസി
text_fieldsമക്കളുടെ സംരക്ഷണത്തിനായി നോർവേ സർക്കാരിനെതിരെ പോരാടിയ ഇന്ത്യൻ ദമ്പതികളെ ആസ്പദമാക്കിയുള്ള റാണി മുഖർജിയുടെ മിസിസ് ചാറ്റർജി Vs നോർവേ എന്ന സിനിമക്കെതിരെ നോർവേയിൽനിന്ന് രൂക്ഷമായ പ്രധിഷേധങ്ങളാണ് ഉണ്ടാകുന്നത്. നോർവീജിയൻ ജനതയും ഭരണകൂടവും സിനിമക്കെതിരെ പ്രതികരിച്ച രംഗത്തുവന്നിരിക്കുകയാണ്. സംസ്കാരത്തിലെ വ്യത്യാസങ്ങൾ കാരണം ഇന്ത്യൻ മാതാപിതാക്കളിൽനിന്നും 2011ൽ രണ്ട് കുട്ടികളെ നോർവീജിയൻ ഫോസ്റ്റർ സിസ്റ്റം കൊണ്ടുപോയതിനെ തുടർന്ന് മാതാപിതാക്കൾ അനുഭവിച്ച മാനസിക പീഡനവും നിയമ പോരട്ടങ്ങളും ആണ് മിസിസ് ചാറ്റർജി vs നോർവേ പറയുന്നത്. ഇതിന് നോർവേയിൽ നിന്ന് രൂക്ഷമായ പ്രതികരണമാണ് ലഭിച്ചത്. ഇന്ത്യയിലെ നോർവീജിയൻ അംബാസഡർ സിനിമയെ സങ്കൽപ സൃഷ്ടി എന്നാണ് വിശേഷിപ്പിച്ചത്.
സിനിമയിൽ വസ്തുതാപരമായ കൃത്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. "രാജ്യങ്ങളിലെ സാംസ്കാരിക വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളെ ഒരിക്കലും അവരുടെ കുടുംബങ്ങളിൽ നിന്ന് അകറ്റില്ല. അവരുടെ കൈകൊണ്ട് ഭക്ഷണം കഴിക്കുകയോ കുട്ടികൾ മാതാപിതാക്കളോടൊപ്പം കിടക്കയിൽ ഉറങ്ങുകയോ ചെയ്യുന്നത് കുട്ടികൾക്ക് ഹാനികരമായ സമ്പ്രദായങ്ങളായി കണക്കാക്കില്ല.
സാംസ്കാരിക പശ്ചാത്തലം പരിഗണിക്കാതെ തന്നെ നോർവേയിൽ ഇത് അസാധാരണമല്ല." നോർവീജിയൻ എംബസി അതിന്റെ പ്രസ്താവനയിൽ പറഞ്ഞു. ചില പൊതുവായ വസ്തുതകൾ ശരിയാക്കേണ്ടതുണ്ട്. കുട്ടികൾ അവഗണനക്കോ അക്രമത്തിനോ മറ്റ് തരത്തിലുള്ള ദുരുപയോഗത്തിനോ വിധേയരാകുകയാണെങ്കിൽ അവരെ ബദൽ പരിചരണത്തിൽ പാർപ്പിക്കുന്നതിനുള്ള മാർഗമാണ് അത്’’ -നോർവേ ഔദ്യോഗിക വക്താവ് അറിയിച്ചു.
നോർവേ ഒരു ജനാധിപത്യ, ബഹുസാംസ്കാരിക സമൂഹമാണെന്ന് നോർവീജിയൻ അംബാസഡർ ഹാൻസ് ജേക്കബ് ഫ്രൈഡൻലണ്ട് വാദിച്ചു. "നോർവേയിൽ, വ്യത്യസ്തമായ കുടുംബ സംവിധാനങ്ങളെയും സാംസ്കാരിക ആചാരങ്ങളെയും ഞങ്ങൾ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഇവ നമ്മൾ പരിചിതമായതിൽ നിന്ന് വ്യത്യസ്തമാണെങ്കിൽ വളർത്തലിൽ ശാരീരിക ശിക്ഷ പോലെയുള്ള ഏത് രൂപത്തിലുമുള്ള ആക്രമത്തോട് സഹിഷ്ണുതയില്ല" -അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു. സിനിമക്കെതിരെ നോർവേ ശിശുക്ഷേമ സമിതിയും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ‘‘ലാഭം നോക്കി പ്രവർത്തിക്കുന്ന സംഘടനയല്ല നോർവെ ശിശുക്ഷേമ സമിതി. കൂടുതൽ കുട്ടികളെ ഫോസ്റ്റർ കെയർ സമ്പ്രദായത്തിലേക്ക് കൊണ്ടുവരുന്നു. അവർ കൂടുതൽ പണം സമ്പാദിക്കുന്നു എന്നാണ് സിനിമയിൽ പറയുന്നത്. ഇത് ശരിയല്ല. ബദൽ പരിചരണം ഉത്തരവാദിത്തമുള്ള കാര്യമാണ്. അത് പണമുണ്ടാക്കുന്ന സ്ഥാപനമല്ല. കുട്ടികൾ അവഗണന നേരിടുമ്പോഴോ അക്രമത്തിനോ മറ്റ് തരത്തിലുള്ള ദുരുപയോഗങ്ങൾക്കോ വിധേയരാകുമ്പോൾ ബദൽ പരിചരണം ഏർപ്പെടുത്തും’’ നോർവേ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.