നാലര പതിറ്റാണ്ടിനു ശേഷം ചിലിക്ക് ഇടത് പ്രസിഡന്റ്
text_fieldsസാൻറിയാഗോ: രാജ്യത്തെ പിടിച്ചുകുലുക്കിയ സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിലൂടെ ലാറ്റിൻ അമേരിക്കൻ രാഷ്ട്രീയത്തിൽ പുതിയ ഇടമുറപ്പിച്ച മുൻ ഇടതു വിദ്യാർഥി നേതാവ് ചിലിയുടെ പ്രസിഡൻറ്. രാജ്യത്തിെൻറ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറായാണ് 35കാരനായ ഗബ്രിയേൽ ബോറിക് രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ വൻ മാർജിനിൽ അധികാരമേറുന്നത്.
ബോറിക് 56 ശതമാനം വോട്ടുനേടിയപ്പോൾ എതിരാളിയായ വലതു നേതാവ് ജോസ് അേൻറാണിയോ കാസ്റ്റ് 44 ശതമാനത്തിലൊതുങ്ങി. വോട്ടെടുപ്പ് പൂർത്തിയായി ഒന്നര മണിക്കൂറിനുള്ളിൽ തോൽവി സമ്മതിച്ച കാസ്റ്റ് പുതിയ പ്രസിഡൻറ് ബോറികിന് അഭിനന്ദനമറിയിച്ച് ട്വീറ്റിട്ടത് ശ്രദ്ധേയമായി. നിലവിെല പ്രസിഡൻറ് സെബാസ്റ്റ്യൻ പിനേരയുടെ പിൻഗാമിയാകുമെന്ന് കരുതപ്പെട്ടിരുന്നയാളാണ് കാസ്റ്റ്.
ചിലിയെ വേട്ടയാടുന്ന കടുത്ത അസമത്വങ്ങൾക്കും ദാരിദ്ര്യത്തിനുമെതിരെ പൊരുതുമെന്ന വാഗ്ദാനവുമായാണ് ബോറിക് ജനങ്ങളെ സമീപിച്ചിരുന്നത്. പിനേരയുടെ നവ ലിബറൽ നയങ്ങൾക്കെതിരെ തെരുവുനിറഞ്ഞ സമരങ്ങളുമായാണ് സജീവ രാഷ്ട്രീയത്തിലെത്തിയിരുന്നത്.
1973ൽ ഇടതു സഹയാത്രികനായ അന്നത്തെ പ്രസിഡൻറ് സാൽവദോർ അലൻഡെയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി പിനോഷെ അധികാരം പിടിച്ച ശേഷം ഇതുവരെയും വലതിനൊപ്പമായിരുന്നു ചിലെ. പിനോഷെ 1990 വരെ അധികാരത്തിൽ തുടർന്നു. 3,000ത്തിലേറെ പേരാണ് പിനോഷെ ഭരണകാലത്ത് കൊല്ലപ്പെടുകയോ അപ്രത്യക്ഷമാകുകയോ ചെയ്തത്.
അദ്ദേഹത്തിനു ശേഷവും ചിലിയിൽ ഇടതിന് ഭരണമേറാനായിരുന്നില്ല. അതാണ് 48 വർഷത്തിനു ശേഷം ബോറികിലൂടെ തിരുത്തിക്കുറിച്ചത്. പിനോഷെ ഉണ്ടാക്കിയ ഭരണഘടന പൊളിച്ചെഴുതാൻ കഴിഞ്ഞ വർഷം ജനം വിധിയെഴുതിയിരുന്നു. പിന്നാലെ അധികാരവും ഇടതിന് ലഭിക്കുന്നത് രാജ്യത്ത് വലിയ മാറ്റങ്ങൾക്ക് ഇടയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.