ഹോങ്കോങ് ഭരിക്കാൻ 'ദേശസ്നേഹികൾ' വേണം; കടുത്ത ഭരണപരിഷ്കാരങ്ങളിലൂടെ പിടിമുറുക്കി ചൈന
text_fieldsബെയ്ജിങ്: ചൈനക്കു കീഴിലായിട്ടും സ്വയംഭരണം പാതി അനുഭവിച്ചുപോന്ന ഹോങ്കോങ്ങിനു മേൽ പിടി പിന്നെയും മുറുകുന്നു. ചൈനീസ് ഭരണകൂട നയങ്ങൾ നടപ്പാക്കാനായി ചുമതലപ്പെടുത്തിയ ഹോങ്കോങ് പാർലമെന്‍ററി സമിതി പുതുതായി നടപ്പാക്കുന്ന നിയമങ്ങളാണ് അടുത്ത ഭീഷണിയായി ഹോങ്കോങ് ജനതയെ മുൾമുനയിൽ നിർത്തുന്നത്.
'ദേശസ്നേഹികൾ'ക്കു മാത്രമേ ഇനി ഭരണം കൈയാളാനാകൂ എന്നതാണ് അതിലൊന്ന്. സ്വാതന്ത്ര്യവും സ്വയംഭരണവും ആവശ്യപ്പെട്ട് നാട്ടുകാർ സമരമുഖത്തുള്ള ഹോങ്കോങ്ങിൽ സമ്പൂർണ നിയന്ത്രണം നടപ്പാക്കാൻ ലക്ഷ്യമിട്ടാണ് ഈ നിയമം നടപ്പാക്കുന്നതെന്ന് വിമർശകർ കുറ്റപ്പെടുത്തുന്നു. ഭരണകക്ഷിയായ നാഷനൽ പീപിൾസ് കോൺഗ്രസ് വാർഷിക യോഗമാണ് പുതിയ നിയമങ്ങൾക്ക് അംഗീകാരം നൽകിയത്.
ഇതുപ്രകാരം ഹോങ്കോങ് ഭരണഘടന പൊളിച്ചെഴുതും. രാജ്യത്തിന്‍റെ അടിസ്ഥാന നിയമം, തെരഞ്ഞെടുപ്പ് സംവിധാാനം എന്നിവയിലും മാറ്റങ്ങൾ വരും. ഇതോടെ, ചൈന ശത്രുപക്ഷത്തുനിർത്തിയ നേതാക്കൾക്ക് ഭരണ പങ്കാളിത്തം ലഭിക്കില്ല.
ഹോങ്കോങ്ങിൽ ജനാധിപത്യ സംവാദങ്ങൾക്ക് അവസാന ഇടവും ഇല്ലാതാക്കുകയാണ് ചൈനയെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് കുറ്റപ്പെടുത്തി.
പുതിയ പരിഷ്കരണ പ്രകാരം ഹോങ്കോങ് നിയമസഭയിൽ സീറ്റുകളുടെ എണ്ണം 70ൽനിന്ന് 90 ആയി ഉയരും. നിലവിൽ 35 അംഗങ്ങൾ ജനം തെരഞ്ഞെടുക്കുന്നതും 35 പേരെ ചൈന നേരിട്ട് നാമനിർദേശം ചെയ്യുന്നവരുമാണ്. പുതുതായി വരുന്ന 20 അംഗങ്ങൾ ജനം തെരഞ്ഞെടുക്കുന്നതോ അതോ ചൈനീസ് പ്രതിനിധികളോ എന്നു വ്യക്തമല്ല.
ജനപ്രതിനിധിയാകാൻ മത്സരിക്കുംമുമ്പ് അവരുടെ 'ദേശസ്നേഹം' പരിശോധിക്കാൻ പ്രത്യേക പാനൽ നിലവിൽ വരും. ചൈനീസ് അനുകൂല വ്യക്തികൾ അടങ്ങിയതാകും ഈ പാനൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.