ഇന്തോ-പസഫിക് കൂട്ടായ്മക്കെതിരെ ചൈന; ഐ.പി.ഇ.എഫ് 'ധനകാര്യ നാറ്റോ'യെന്നും വിമർശനം
text_fieldsബെയ്ജിങ്: അമേരിക്കയുടെ കാർമികത്വത്തിൽ സൃഷ്ടിച്ച ഇന്തോ-പസഫിക് മേഖലയിലെ 13 രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മക്കെതിരെ ചൈന രംഗത്ത്. ടോക്യോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായാണ് ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്തോ-പസഫിക് ഇക്കണോമിക് ഫ്രെയിംവർക്ക് ഫോർ പ്രോസ്പെരിറ്റി (ഐ.പി.ഇ.എഫ്) യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത്.
അമേരിക്കൻപക്ഷ രാജ്യങ്ങളുടെ സൈനിക കൂട്ടായ്മയായ നാറ്റോ പോലെ മറ്റൊരു 'ധനകാര്യ നാറ്റോ'യാണ് ഐ.പി.ഇ.എഫ് എന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമം പ്രതികരിച്ചു. ചൈന വസിക്കുകയും വളരുകയും ചെയ്യുന്ന മേഖലയാണ് ഏഷ്യ പസഫിക് എന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ പ്രസ്താവന. മേലഖയിൽ ശാന്തിയും സമാധാനവും ഉറപ്പുവരുത്താനും സുസ്ഥിര വികസനം സാധ്യമാക്കാനും ചൈന എന്നും ശ്രമിക്കും.
പുതിയ ക്വാഡ് കൂട്ടായ്മയെ നേരിടാൻ ആസ്ട്രേലിയ, കാനഡ, വിയറ്റ്നാം തുടങ്ങി 11 രാജ്യങ്ങളുടെ സംഘമായ 'കോംപ്രിഹെൻസിവ് ആൻഡ് പ്രോഗ്രസിവ് എഗ്രീമെന്റ് ഫോർ ട്രാൻസ് പസഫിക് പാർട്ണർഷിപ്', ന്യൂസിലൻഡും സിംഗപ്പൂരും ചിലിയും ഉൾപ്പെട്ട 'ഡിജിറ്റൽ ഇക്കണോമി പാർട്ണർഷിപ്' തുടങ്ങിയ സംവിധാനങ്ങളുമായി ചൈനയുടെ സഹകരണം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് ഏഷ്യ-പസഫിക് രാജ്യങ്ങളുമായുള്ള ഇടപാടുകളും സഹകരണവും വർധിപ്പിക്കുകയും ചെയ്യും. മേഖലയിൽ പുതിയ സൈനികവും അല്ലാത്തതുമായ സഖ്യങ്ങൾ അവതരിക്കുന്നതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ക്വാഡ് കൂട്ടായ്മ ഏഷ്യൻ നാറ്റോ ആണെന്നായിരുന്നു ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ വിമർശനം. ഐ.പി.ഇ.എഫ് എന്നാൽ 'ധനകാര്യ നാറ്റോ' എന്നും പത്രം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.